കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് നാല് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. തന്റെ ഓഫീസിലുള്ള റിപ്പോര്‍ട്ട് മൂന്ന് വര്‍ഷമായിട്ടും വായിക്കാന്‍ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. സിനിമാ മേഖലയില്‍ തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാറാണെന്നും മുനീര്‍ മീഡിയവണിനോട് പറഞ്ഞു.
2019 ഡിസംബര്‍ 31നാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 2020 ഫെബ്രുവരി അഞ്ചിന് എം.കെ മുനീര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ ബാലന്‍ നല്‍കിയ മറുപടി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പഠിച്ചുവരുന്നു എന്നാണ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതും കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിവരാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളിയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.