ലണ്ടന്‍: യുകെയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നടുക്കടലില്‍ നങ്കൂരമിട്ടു കിടന്ന ആഡംബര നൗക തര്‍ന്ന് ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞു. ബ്രിട്ടീഷ് ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന ടെക് കമ്പനി ഉടമ മൈക്ക് ലിഞ്ചും 18 കാരിയായ മകളും കപ്പല്‍ തകര്‍ന്ന് മരിച്ച ആറുപേരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോര്‍ട്ടിസെലോ തീരത്തു നിന്നും മാറി പാലെര്‍മോക്ക് സമീപത്തായിട്ടായി നങ്കൂരമിട്ട് കിടക്കുകയായിരുന്നു നൗക. അതിരാവിലെ 5 മണിയോടെയായിരുന്നു, നീരാവിയും വായുവും കലര്‍ന്ന, വാട്ടര്‍സ്പൗട്ട് എന്ന ഇനത്തിലെ പെട്ട കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.
കാറ്റിന്റെ ശക്തിയില്‍ പാടെ തകര്‍ന്ന നൗക സമുദ്രാന്തര്‍ഭാഗത്തേക്ക് അതിവേഗം താഴ്ന്നു പോവുകയായിരുന്നു. രാവിലെ 4.30 വരെ നൗക അലങ്കാര വിളക്കുകളുടെ മാസ്മരിക ഭംഗിയില്‍ മുങ്ങിയിരിക്കുകയായിരുന്നു എന്നാണ് ഒരു ദൃക്‌സാക്ഷി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ എസ് എ യോട് പറഞ്ഞത്. അതില്‍ ഒരു വിരുന്നു നടക്കുകയായിരുന്നത്രെ. സമുദ്ര മധ്യത്തില്‍ ഉത്സാഹത്തോടെ ആഘോഷത്തിനെത്തിയവര്‍ക്ക് ഉണ്ടായത് ദാരുണാന്ത്യവും.
180 അടി നീളമുള്ള ബേയേസിയന്‍ എന്ന നൗകയായിരുന്നു അപകടത്തില്‍ പെട്ടത്. നൗകയില്‍ ഉണ്ടായിരുന്ന, മൈക്ക് ലിഞ്ചിന്റെ ഭാര്യ ഏഞ്ചല ബകാരെസ് ഉള്‍പ്പടെ 15 പേരെ രക്ഷിക്കാനായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏഞ്ചലയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര നൗക. അപകടം നടക്കുമ്പോള്‍ ഇവരെ കൂടാതെ പത്ത് ജീവനക്കാരും പതിനൊന്ന് അതിഥികളും നൗകയിലുണ്ടായിരുന്നു. നൗക മുങ്ങിയതിന് ശേഷം തന്റെ ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്ന് ഏഞ്ചല തന്നെയാണ് ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
2011 ല്‍ ലിഞ്ചിന്റെ സ്വന്തം സ്ഥാപനമായ ഓട്ടോണോമി എന്ന സ്ഥാപനം ഹ്യൂലെറ്റ് പാക്കാര്‍ഡിന് 8.6 ബില്യന്‍ പൗണ്ടിന് വിറ്റതുമായി ബന്ധപ്പെട്ട ഒരു കേസില്‍ കഴിഞ്ഞ 12 വര്‍ഷമായി കുടുങ്ങിക്കിടക്കുകയായിരുന്നു മൈക്ക് ലിഞ്ച്. ഇക്കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന്റെ ആഘ്പ്പ്ഷമായിട്ടായിരുന്നു മൈക്ക് ലിഞ്ച് ഈ വിരുന്ന് സംഘടിപ്പിച്ചത്. ക്ലിഫോര്‍ഡ് ചാന്‍സ് എന്ന നിയമ സ്ഥാപനത്തിലെ ജീവനക്കാരും, ലിഞ്ചിന്റെ സ്ഥാപനമായ ഇന്‍വോക്ക് കാപിറ്റല്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായിരുന്നു മറ്റ് അതിഥികള്‍ എന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.