ചെന്നൈ: വാടകനല്‍കാതെ കബളിപ്പിച്ചുവെന്ന് പോലീസില്‍ പരാതിപ്പെട്ട വീട്ടുടമക്കെതിരേ സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ നോട്ടീസ്. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ മാനനഷ്ടമുണ്ടാക്കിയെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ 20 ലക്ഷം രൂപയോളം യുവന്‍ ശങ്കര്‍ രാജ നല്‍കാനുണ്ടെന്ന ആരോപണത്തില്‍ വീട്ടുടമ ഉറച്ചുനില്‍ക്കുകയാണ്.
വിദേശത്ത് താമസിക്കുന്ന ജമീലയുടെ ഉടമസ്ഥതയില്‍ ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട് രണ്ടുവര്‍ഷംമുമ്പാണ് യുവന്‍ ശങ്കര്‍ രാജ വാടകയ്‌ക്കെടുത്തത്.
ഇവിടെ സ്റ്റുഡിയോ സജ്ജീകരിക്കുകയുംചെയ്തു. 1.25 ലക്ഷം രൂപയായിരുന്നു മാസവാടക. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വാടക പുതുക്കി 1.50 ലക്ഷം രൂപയാക്കി. 2023 സെപ്റ്റംബര്‍വരെ 18 ലക്ഷം രൂപ കുടിശ്ശികവരുത്തിയെന്നും നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് 12 ലക്ഷംരൂപ ചെക്കായി ജമീലയ്ക്ക് നല്‍കിയെന്നും ഇവര്‍ക്ക് വേണ്ടി നുങ്കമ്പാക്കം പോലീസില്‍ പരാതി നല്‍കിയ സഹോദരന്‍ പറഞ്ഞു.
പിന്നീട് ഇതുവരെയുള്ള വാടകയടക്കം 20 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഒരറിയിപ്പുമില്ലാതെ യുവന്‍ ശങ്കര്‍ രാജ ഇവിടെനിന്ന് തന്റെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നാണ് ആരോപണം.
സഹോദരന്‍ മുഖേന നല്‍കിയതുകൂടാതെ ഓണ്‍ലൈന്‍മാര്‍ഗവും ജമീല പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് യുവന്‍ ആരോപിക്കുന്നത്.