പത്തനംതിട്ട: മലയാലപ്പുഴ കോഴിക്കുന്നം ഗവ.എല്‍.പി.എസിലെ പ്രധാന അധ്യാപിക ഗീതയെ പൂര്‍വ വിദ്യാര്‍ഥി മര്‍ദിച്ചത് സമനില തെറ്റിയ രീതിയില്‍. സ്ത്രീകളായ അധ്യാപകരും രക്ഷിതാക്കളും ഉള്ള പിടിഎ പൊതുയോഗം നടക്കുന്നതിനിടെയാണ് പൂര്‍വ വിദ്യാര്‍ഥി വിഷ്ണു എസ്. നായര്‍ ആക്രമിച്ചത്. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന തന്റെ ഭര്‍ത്താവിനെ മര്‍ദിക്കാന്‍ വിഷ്ണു ശ്രമിച്ചുവെന്നും അത് തടയാന്‍ നോക്കിയപ്പോള്‍ മുഖത്ത് അടിക്കുകയായിരുന്നുവെന്നും പ്രധാന അധ്യാപിക ഗീത പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇയാള്‍ റോഡിലൂടെ അക്രമാസക്തനായി നടക്കുന്നതും സ്‌കൂളില്‍ വന്നു കയറി ആക്രമണം നടത്തുന്നതുമായ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ‘എന്റെ ജീവിതം തകര്‍ത്തു, നീയിവിടെ വാഴില്ല, കണ്ണടിച്ചു പൊട്ടിക്കും എന്നു ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇയാള്‍ അധ്യാപികയെ മര്‍ദ്ദിച്ചത്.
ഇയാള്‍ ഈ സ്‌കൂളില്‍ മുന്‍പ് വിദ്യാര്‍ഥിയായിരുന്നുവെന്ന് പ്രധാന അധ്യാപിക ഗീത പറഞ്ഞു. ആ ക്ലാസുകളില്‍ ഗീത ഇയാളെ പഠിപ്പിച്ചിവട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് സമനില തെറ്റിയ നിലയിലാണ് വിഷ്ണു സ്‌കൂളില്‍ വന്നു കയറിയത്. അതിന് മുന്‍പ് പുറത്തും ഇയാള്‍ അക്രമം നടത്താന്‍ ശ്രമിച്ചിരുന്നു. ലഹരിക്ക് അടിമപ്പെട്ടവനെപ്പോലെയാണ് വിഷ്ണു വന്നത്.
ഈ സമയം രക്ഷിതാക്കളും അധ്യാപകരും അടക്കം സ്്ത്രീകള്‍ മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഇവിടെ അക്രമം നടത്താന്‍ തുനിയുന്നത് കണ്ട് പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് ജ്യോതിലാല്‍ എതിര്‍ക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തെ കൈയേറ്റം ചെയ്യുമെന്ന് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രധാന അധ്യാപിക ഗീതയുടെ മുഖത്ത് അടിച്ചത്. അധ്യാപികയുടെ കണ്ണിന് പരുക്കേറ്റു.
പിന്നീട് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു മാതാവിനൊപ്പമാണ് താമസം. ലഹരിക്ക് അടിമപ്പെട്ട രീതിയിലാണ് ഇയാളുടെ പെരുമാറ്റം. സ്‌കൂളിന് പുറത്ത് അക്രമത്തിന് തുനിഞ്ഞിരുന്നു. കൈയിലൊരു വടിയുമായി അക്രമാസക്തനായി നില്‍ക്കുകയായിരുന്നു വിഷ്ണു. സ്‌കൂളിലെത്തിയും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്.