NEWSWorld

ഐഎസ്‌ഐ മുന്‍ മേധാവി അഴിമതിക്കേസില്‍ അറസ്റ്റില്‍, കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചു; പാക് ചരിത്രത്തില്‍ ആദ്യം

ഇസ്ലാമാബാദ്: പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ മുന്‍ മേധാവി ലഫ്. ജനറല്‍ ഫയസ് ഹമീദിനെ പാകിസ്താന്‍ ആര്‍മി അറസ്റ്റു ചെയ്തു. പാര്‍പ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്. കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായി ആര്‍മി അറിയിച്ചു. ഐഎസ്‌ഐ മുന്‍ മേധാവിയെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കുന്നത് പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പാക് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ടോപ് സിറ്റി കേസുമായി ബന്ധപ്പെട്ട് ലഫ്. ജനറല്‍ ഫയസ് ഹമീദിനെതിരായ പരാതികളില്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദമായ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തിയതായി പാക് ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. ഫയസ് ഹമീദിനെ മിലിറ്ററി കസ്റ്റഡിയിലെടുത്തതായും ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായും പാക് ആര്‍മി അറിയിച്ചു. പാകിസ്താന്‍ ആര്‍മി ആക്ട് പ്രകാരം ഫയസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിച്ചതായും ആര്‍മിയുടെ പ്രസാതവനയിലുണ്ട്.

Signature-ad

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫയസ് ഹമീദ്. ഇമ്രാന്‍ ഖാന്റെ ഭരണകാലയളവിലാണ് ഫയസ് ഹമീദ് ഐഎസ്‌ഐ തലപ്പത്ത് എത്തിയത്. 2022ല്‍ രണ്ട് ഉന്നത സൈനിക റാങ്കിലേക്കുള്ള നിയമനത്തിനായി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് സമര്‍പ്പിച്ച ആറ് മുതിര്‍ന്ന ജനറല്‍മാരുടെ പട്ടികയില്‍ ഫയസ് ഹമീദും ഉള്‍പ്പെട്ടിരുന്നു. ഇതിനിടെ, ഫയസ് ഹമീദ് വിരമിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഫയസ് ഹമീദിനെതിരായ ആരോപണം അതീവ ഗൗരവതരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം നവംബറില്‍ നിരീക്ഷിച്ചിരുന്നു.

ടോപ് സിറ്റി എന്ന സ്വകാര്യ പാര്‍പ്പിട പദ്ധതിയുടെ മാനേജ്‌മെന്റ് ആണ് ഫയസ് ഹമീദിനെതിരായ പരാതിക്കാര്‍. 2023 നവംബര്‍ എട്ടിന് ടോപ് സിറ്റി ഉടമ മൊയീസ് അഹമ്മദ് ഖാന്‍ ഫയസ് ഹമീദിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് കേസ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. ഫയസ് ഹമീദ് പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം.

ടോപ് സിറ്റിയുടെ ഓഫീസുകളിലും ഉടമയായ മൊയീസ് അഹമ്മദ് ഖാന്റെ വസതിയിലും നടത്തിയ റെയ്ഡ് ആസൂത്രണം ചെയ്തത് ഫയസ് ഹമീദ് ആണെന്നാണ് ആരോപണം. തീവ്രവാദ ആരോപണവുമായി ബന്ധപ്പട്ട കേസില്‍ 2017 മേയില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സും ഐഎസ്‌ഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍, പണം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ കൊണ്ടുപോയെന്നാണ് ടോപ് സിറ്റി ആരോപിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനായി ഹമീദിന്റെ സഹോദരനായ സര്‍ദാര്‍ നജാഫ് തന്നെ ബന്ധപ്പെട്ടതായും പിന്നീട് ഹമീദ് തന്നെ നേരിട്ട് ബന്ധപ്പെട്ടതായും മൊയീസ് അഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ നാല് കോടി രൂപ തട്ടിയെടുത്തതായാണ് ടോപ്പ് സിറ്റി ഉടമയുടെ ആരോപണം.

ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, ആരോപണം അന്വേഷിക്കാനായി പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് മേജര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള ഉന്നതലതല സമിതിക്ക് ആര്‍മി രൂപം നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: