2024ന്റെ ആദ്യപകുതിയില്‍ 80,000 പേര്‍ക്ക് തൊഴില്‍ വിസ അനുവദിച്ച് ജര്‍മനി. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വിസ അനുവദിച്ചതെന്ന് ഫെഡറല്‍ ഫോറിന്‍ ഓഫീസ് ജര്‍മന്‍ പ്രസ് ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3000 കൂടുതല്‍ വിസകളാണ് ജര്‍മനി അനുവദിച്ചിരിക്കുന്നത്. ഇതില്‍ പകുതിയും ഡോക്ടര്‍, എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജോലികള്‍ക്കാണ്.
തൊഴിലാളികളുടെ ദൗര്‍ലഭ്യം കാരണമാണ് രാജ്യം ഇത്രയും പേര്‍ക്ക് വിസ അനുവദിക്കുന്നത്. രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതായി ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5,70,000 ഒഴിവുകള്‍ രാജ്യത്ത് നികത്തപ്പെടാതെ ഉണ്ടായിരുന്നു. ഇത് രാജ്യത്തിന് വളരെ വലിയ രീതിയിലുള്ള സാമ്പത്തിക ഇടിവാണ് ഉണ്ടാക്കുന്നതെന്നും ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനത്തില്‍ വ്യക്തമായി.
ഗതാഗതം, ആരോഗ്യം, നിര്‍മാണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങി ജര്‍മനിയിലെ നിരവധി മേഖലകളില്‍ തൊഴിലാളികളെ ആവശ്യമാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ഇനിയും തൊഴിലാളി ക്ഷാമം വര്‍ദ്ധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് റിസര്‍ച്ചിന്റെ പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്. ഈ പഠനം പരാമര്‍ശിച്ചുകൊണ്ട്, 2035 ആകുമ്പോള്‍ രാജ്യത്ത് 70 ലക്ഷം ജീവനക്കാരെ ആവശ്യമായി വരുമെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഗെയ്ല്‍ നേരത്തേ പറഞ്ഞിരുന്നു. കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ജര്‍മനി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.