KeralaNEWS

വെള്ളാപ്പള്ളിക്ക് ചെക്ക്! പാര്‍ട്ടി അംഗങ്ങളെ നേൃത്വത്തില്‍ എത്തിച്ച് അട്ടിമറി; മുഹമ്മ മോഡലില്‍ എസ്.എന്‍.ഡി.പി പിടിക്കാന്‍ സി.പി.എം

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ തട്ടകമായ കണിച്ചുകുളങ്ങരയില്‍ കയറി കളി തുടങ്ങുകയാണ് സിപിഎം. എസ്എന്‍ഡിപിയെ വരുതിയിലാക്കാനാണ് സിപിഎം നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കരുതല്‍. ആലപ്പുഴയില്‍ വന്‍ തോതിലാണ് ഈഴവ വോട്ടുകള്‍ ബിജെപി പളായത്തില്‍ ഇത്തവണ എത്തിയത്. ഇതിന് പിന്നില്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളപ്പള്ളിയും ആണെന്ന് സിപിഎം കരുതുന്നു. ബിജെപി മുന്നണിയുടെ ഭാഗമായ ബിഡിജെഎസിന്റെ നീക്കങ്ങള്‍ രാഷ്ട്രീയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ എസ്എന്‍ഡിപിയില്‍ പിടിമുറുക്കുകയാണ് സിപിഎം ലക്ഷ്യം. ഇതിന് തുടക്കമിടുകയാണ് സിപിഎം കണിച്ചുകുളങ്ങരയില്‍.

എസ്എന്‍ഡിപി ശാഖകളില്‍ സ്വാധീനമുറപ്പിക്കാനൂള്ള സിപിഎം നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. എങ്കിലും ഔദ്യോഗിക പക്ഷം രണ്ടും കല്‍പ്പിച്ചാണ്. മുഹമ്മ മേഖലയില്‍ കഴിഞ്ഞദിവസം നടന്ന ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഭരണസമിതിയുടെ പാനലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പാനല്‍ വിജയിച്ചതോടെ പാര്‍ട്ടിക്ക് ആവേശവും കൂടി. എസ്എന്‍ഡിപി യോഗവുമായി പാര്‍ട്ടിക്കു പ്രശ്നമൊന്നും ഇല്ലെന്നും ശാഖകള്‍ പിടിക്കാന്‍ ആലോചിക്കുന്നില്ലെന്നും പരസ്യമായി സിപിഎം പറയുന്നുണ്ട്.

Signature-ad

എന്നാല്‍, നടക്കുന്നത് മറ്റൊന്നാണെന്നും മുഹമ്മയിലെ സംഭവം തെളിയിക്കുന്നു. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയനു കീഴിലെ ചാരമംഗലം 539 ാം നമ്പര്‍ ശാഖയിലാണ് ഔദ്യോഗിക പാനലിനെ വെല്ലുവിളിച്ചു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ പാനല്‍ അവതരിപ്പിച്ചത്. പാര്‍ട്ടിക്കാര്‍ക്കു മേല്‍ക്കൈയുള്ള പാനല്‍ വന്നതോടെ ഔദ്യോഗിക വിഭാഗം പാനല്‍ പിന്‍വലിച്ചു. ഇതോടെ മറുപക്ഷത്തിന് എതിരില്ലാതായി. വെള്ളാപ്പള്ളിക്ക് കടുത്ത ക്ഷീണമാണ് ഈ അട്ടിമറി.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജി.മുരളിയാണു പുതിയ സെക്രട്ടറി. സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാര്‍ കമ്മിറ്റിയിലുണ്ട്. ഒരാള്‍ യൂണിയന്‍ പ്രതിനിധിയാകും. പൊതുയോഗ നടപടികള്‍ നിരീക്ഷിച്ചു പാര്‍ട്ടി ലോക്കല്‍ നേതാക്കള്‍ സമീപത്തുതന്നെ ഉണ്ടായിരുന്നു. ഇതേ മോഡലില്‍ യൂണിയനെ കൈയിലൊതുക്കാനാണ് സിപിഎം നീക്കം. പരമാവധി പേരെ യൂണിയന്‍ പ്രതിനിധിയാക്കാനാണ് ശ്രമം. ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉള്‍പ്പെടുത്തിയിരുന്ന റാവുവാണു സിപിഎം ആശീര്‍വാദത്തോടെയുള്ള പാനലിലെ പ്രസിഡന്റ്.

പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട പാനലില്‍ പ്രസിഡന്റായി ആദ്യം ഉള്‍പ്പെടുത്തിയതു ജി.മുരളിയെയാണ്. പ്രസിഡന്റ് സ്ഥാനത്തില്‍ താല്‍പര്യമുണ്ടെന്ന് ഔദ്യോഗിക പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ റാവു അറിയിച്ചതോടെ അദ്ദേഹത്തെ പ്രസിഡന്റും മുരളിയെ സെക്രട്ടറിയുമാക്കി. റാവുവും പാര്‍ട്ടി അംഗമാണ്. യഥാര്‍ഥ ശ്രീനാരായണീയരെ ഒഴിവാക്കിയെന്നും പാര്‍ട്ടി തീരുമാനമെന്നു പറഞ്ഞു ചിലര്‍ ഭീഷണിയുടെ രീതിയിലാണു പാനല്‍ അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു. ഇതിനെതിരെ യോഗം നേതൃത്വത്തിനു പരാതി നല്‍കാന്‍ മുന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ നീക്കം നടത്തും. പുതിയ ഭാരവാഹികളെ വെള്ളാപ്പള്ളി പരിച്ചുവിടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സിപിഎം-വെള്ളാപ്പള്ളി പോര് കടുക്കും.

എസ്എന്‍ഡിപി യോഗത്തോടുള്ള സമീപനത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വം രണ്ട് തട്ടിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് ശരിയല്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമായ നിലപാട് എടുത്തുവെന്നും തെളിയിക്കുന്നതാണ് മുഹമ്മയിലെ ഇടപെടല്‍. പാര്‍ട്ടി നിലപാടെന്ന പേരില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ യോഗ നേതൃത്വത്തിനെതിരെ പലതവണ രൂക്ഷമായി പ്രതികരിച്ചിരുന്നു. നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വെള്ളാപ്പള്ളി നടേശനെ മാറ്റണമെന്ന അഭിപ്രായവും സജീവം.

എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗ നേതൃത്വത്തിനെതിരെ ഒരിക്കല്‍ പോലും പ്രതികരിച്ചിട്ടില്ല. പക്ഷേ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനെ അംഗീകരിക്കുന്നുമില്ല. അതേസമയം, ആലപ്പുഴയിലെ നേതൃത്വത്തില്‍ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവരുമുണ്ട്.

 

Back to top button
error: