CrimeNEWS

പിന്‍വലിച്ച നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 57 ലക്ഷം

കാസര്‍കോട്: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയില്‍ ഇബ്രാഹിം ബാദുഷ (33) യുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗറിലെ സമീര്‍ (ടൈഗര്‍ സമീര്‍), കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്.

1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാന്‍ സ്ഥാപനമുണ്ടെന്നും ഇതുവഴി നോട്ട് മാറ്റിയെടുത്ത് കോടികള്‍ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജനുവരി 15നും 2023 ഓഗസ്റ്റ് 30നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രതികള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ജീവനക്കാരനെ അയച്ചും നോട്ടെടുക്കാന്‍ വന്ന വാഹനവും വിഡിയോദൃശ്യങ്ങളും കണിച്ചായിരുന്നു തട്ടിപ്പ്.

Signature-ad

ഷെരീഫിന്റെ കൈവശം റിസര്‍വ് ബാങ്ക് പിന്‍വലിച്ച 1000 രൂപ കറന്‍സിയുടെ 125 കോടി രൂപയുണ്ടെന്ന് ഇബ്രാഹിമിനെ സമീര്‍ വിശ്വസിപ്പിച്ചു. ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനി ഈ നോട്ടുകള്‍ വാങ്ങി, റിസര്‍വ് ബാങ്കില്‍ കൊടുത്തു മാറ്റിയെടുക്കുമെന്നും വിപണിയില്‍ ഇല്ലാത്ത നോട്ട് കൊടുക്കുന്നയാള്‍ക്ക് 60 ശതമാനം തുക കമ്പനി നല്‍കുമെന്നും ധരിപ്പിച്ചു. പിന്‍വലിച്ച നോട്ട് എടുക്കാന്‍ കമ്പനിയുടെ സുരക്ഷാവാന്‍ വരുന്നതിനും ഇത്രയും തുകയുടെ നല്ല നോട്ടുകള്‍ മുന്‍കൂറായി ബാങ്കില്‍നിന്ന് എടുക്കുന്നതിനും ആദ്യം കുറച്ച് പണം മുടക്കണമെന്ന് തട്ടിപ്പുകാര്‍ ഇബ്രാഹിമിനെ വിശ്വസിപ്പിച്ചു. 125 കോടി കൊടുക്കുമ്പോള്‍ കിട്ടുന്ന 60 ശതമാനത്തില്‍നിന്ന് മുന്‍കൂര്‍ തുക മുടക്കുന്ന ഇബ്രാഹിമിന് പ്രതിഫലമായി 20 ശതമാനം നല്‍കാമെന്നും വാഗ്ദാനം നല്‍കി.

വ്യാജ കമ്പനി ബേക്കലില്‍ പണമെടുക്കാന്‍ വരണമെങ്കില്‍ ഓണ്‍ലൈനില്‍ ‘സ്ലോട്ട്’ ബുക്ക് ചെയ്യണമെന്നും ഒരിക്കല്‍ ബുക്ക് ചെയ്യാന്‍ 15 ലക്ഷം രൂപ അടയ്ക്കണമെന്നും ധരിപ്പിച്ചു. വാഹനം ബേക്കലിലെത്തി ഒരുമണിക്കൂറിനുള്ളില്‍ പിന്‍വലിച്ച നോട്ടുകള്‍ നല്‍കി, വ്യവസ്ഥപ്രകാരമുള്ള 60 ശതമാനം പുതിയ നോട്ടുകള്‍ വാങ്ങണം. സമയപരിധി കഴിഞ്ഞാല്‍ സ്ലോട്ട് ബുക്കിങ് റദ്ദാകുകയും മുന്‍കൂട്ടി അടച്ച ബുക്കിങ് തുക നഷ്ടപ്പെടുമെന്നും പറഞ്ഞിരുന്നു.

ഇല്ലാത്ത കമ്പനിയുടെ വാഹനം പല പ്രാവശ്യം നോട്ട് കൊണ്ടുപോകാന്‍ എത്തിയെങ്കിലും നോട്ട് കൈമാറിയില്ല. 125 കോടിയുടെ 20 ശതമാനമായ 25 കോടി കിട്ടുമെന്ന കണക്കുകൂട്ടലില്‍ തുടര്‍ന്നും പല പ്രാവശ്യം മൂവര്‍ സംഘം നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് ‘സ്ലോട്ട്’ എടുക്കാന്‍ ഇബ്രാഹിം തുക കൈമാറി . 40 ലക്ഷം രൂപ പലപ്പോഴായി നിര്‍ദേശിച്ച അക്കൗണ്ടു കളിലേക്ക് ഇങ്ങനെ കൈമാറിയിട്ടുണ്ടെന്നും 17 ലക്ഷം പണമായി നല്‍കിയെന്നും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

Back to top button
error: