CrimeNEWS

കാമിനിമൂലം കലഹം, കൊലപാതകം; സ്യൂട്ട്‌കേസില്‍ മൃതദേഹവുമായി രണ്ടു ഭിന്നശേഷിക്കാര്‍ അറസ്റ്റില്‍

മുംബൈ: സ്യൂട്ട്കേസില്‍ മൃതദേഹവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജയ് പ്രവീണ്‍ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമനെ ഉല്‍ഹാസ്നഗറില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്.

കൊലപാതകത്തിനു ശേഷം പ്രതികള്‍ മൃതദേഹവുമായി ട്രെയിനില്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ ലഗേജ് പരിശോധനയ്ക്കിടെയാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്.

Signature-ad

പൈധോനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് വ്യക്തമായി. സാന്താക്രൂസില്‍ താമസിക്കുന്ന അര്‍ഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയുടെ വീട്ടില്‍ നടന്ന വിരുന്നിനിടെ പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്യാന്‍ പ്രതികള്‍ തീരുമാനിച്ചു. ഇതിനായാണ് മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയില്‍വേ സ്റ്റേഷനിലെത്തിയത്. മൃതദേഹം മുഴുവനായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ദാദര്‍-സാവന്ത്‌വാദി തുതരി എക്‌സ്പ്രസില്‍ കയറുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പിടിയിലായവര്‍ക്കെതിരെ ദാദര്‍ റെയില്‍വേ പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടയാളും പ്രതികളും കേള്‍വി, സംസാര ഭിന്നശേഷിക്കാരാണ്. ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ ചോദ്യം ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: