മുംബൈ: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച 3 യുവതികള്‍ പൊലീസ് പിടിയില്‍. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികള്‍ ആവശ്യപ്പെട്ടത്. പുണെ വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജൂലൈ 29നാണു സംഭവം. സബ് ഇന്‍സ്‌പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ അംഗമാണ് കാശിനാഥ്.
64 കാരനാണു ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. സംഘത്തിലെ ഒരു പെണ്‍കുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു. 5 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറില്‍ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കൈവശമുള്ള സ്വര്‍ണം വില്‍ക്കാനും ശ്രമം നടത്തിയതായി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.