KeralaNEWS

വൈറ്റ് ഗാര്‍ഡിന്റെ ഊട്ടുപുര പൂട്ടാന്‍ ആരും ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി രാജന്‍; സേവനം മഹത്തരമെന്നും വിശദീകരണം

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടാന്‍ ആരും ഉത്തരവിട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. വൈറ്റ് ഗാര്‍ഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാന്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഒരു തര്‍ക്കത്തിനും ഇപ്പോള്‍ ഇടയില്ല. നമ്മള്‍ ഒറ്റമനസായി നില്‍ക്കേണ്ട സമയമാണ്. ഇപ്പോള്‍ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

‘എല്ലാം സന്നദ്ധപ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത് ഈ മിഷന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. മലയാളി ലോകത്തിനു മുമ്പില്‍ ഭക്ഷണത്തിന്റെ പേരില്‍ അപമാനിക്കപ്പെടണോ?. ഡേറ്റ് കഴിഞ്ഞ ബ്രഡ് സര്‍ക്കാര്‍ കൊടുത്തുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ബ്രഡ് കൊടുത്തിട്ടില്ല. രാവിലെ ഉപ്പുമാവും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണവും കൊടുത്തു. സര്‍ക്കാറല്ല, മൂന്നരക്കോടി മലയാളി അവന്റെ ഹൃദയത്തില്‍നിന്ന് വച്ചുനീട്ടിയതാണ്’.

Signature-ad

‘ഒരു സന്നദ്ധപ്രവര്‍ത്തകരെയും തടുത്തിട്ടില്ല. ബെയ്‌ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവര്‍ത്തകര്‍ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ്’- മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡല്‍ രൂപപ്പെടുത്തുമെന്നും തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഗാര്‍ഡ് മേപ്പാടി കള്ളാടിയില്‍ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് നിര്‍ത്തിവെപ്പിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഭക്ഷണ വിതരണം നിര്‍ത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കടക്കം ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രക്ഷാപ്രവര്‍ത്തകരും യൂത്ത് ലീഗ്, കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

വിവാദം കനത്തതോടെ ഊട്ടുപുര നിര്‍ത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാര്‍ഡിന് ഭക്ഷണശാല തുടരാമെന്നും വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു. ഊട്ടുപുര നടത്തുന്നതിന് ഒരു തടസവുമില്ല. സൈനികര്‍ക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ. അതല്ലാത്തവയ്ക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരോ ശ്രമിക്കുകകയാണെന്നും അത് വകവയ്ക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യര്‍ഥിച്ചു.

മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ പൂട്ടിച്ചത്. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.

ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഈ ഊട്ടുപുരയില്‍ നിന്ന് നാലു ദിവസം സൗജന്യമായി ഭക്ഷണം ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഊട്ടുപുര പൂട്ടേണ്ടിവന്നത് ചൂണ്ടിക്കാട്ടി സംഘാടകര്‍ ഫ്‌ലക്‌സ് കെട്ടിയതിനെതുടര്‍ന്ന് സംഭവം വാര്‍ത്തയാവുകയായിരുന്നു.

‘പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസണ്‍ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ഈ സേവനം അവസാനിപ്പിക്കുകയാണ്’- നാദാപുരം നരിപ്പറ്റ വൈറ്റ്ഗാര്‍ഡ് പറഞ്ഞു.

 

Back to top button
error: