വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 299 ആയി. 210 ലേറെ പേരാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. 198 പേർ പരിക്കുകളോടെ ചികിത്സയിലുണ്ട്.
പക്ഷേ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചത് 196 മരണങ്ങളാണ്. ഇതിൽ 87 പുരുഷന്‍മാരും 77 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍- പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഈ മൃതദേഹങ്ങള്‍ ഇതിനോടകം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 235 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് 73 കിലോ മീറ്റര്‍ അകലെ മലപ്പുറം കോഴിക്കോട് അതിര്‍ത്തിക്കടുത്ത് മാവൂരിലെ മണന്ത കടവില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും ലഭിച്ചിരുന്നു. കടവിന് സമീപത്ത് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടുകള്‍ ഉള്‍പ്പെടെ 352 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.
രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച, ചൂരല്‍ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം വ്യാഴാഴ്ച സന്ധ്യയോടെ തുറന്നു. ഇതോടെ കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചില്‍ ഊർജിതമാക്കും. ഇന്ത്യന്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 35 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 193 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 26 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.
ഉരുൾപൊട്ടൽ മേഖലകളിൽ ഇന്ന് 6 സോണുകളായ തിരിഞ്ഞ് പരിശോധന നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കി. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും 3 നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ഇന്നുമുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചിൽ നടത്തും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന 8 പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്നാകും തിരച്ചിൽ നടത്തുക. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായും തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.
ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തുമെന്നും മന്ത്രിമാർ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താൻ നിലവിൽ 6 നായകളും തെരച്ചിൽ സംഘത്തിനൊപ്പമുണ്ട്. തമിഴ്നാട്ടിൽ നിന്നും 4 കാഡാവർ നായകൾ കൂടി വയനാട്ടിലെത്തും.
ഇതിനിടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് മികച്ച രക്ഷാപ്രവര്‍ത്തനമാണ് അപകട മുനമ്പില്‍ കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചൂണ്ടിക്കാട്ടി.