കേരളത്തിന്റെ ഹൃദയം തകർത്ത മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ച മരണങ്ങൾ 158. ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി 34 മൃതദേഹങ്ങളും 27 ശരീര ഭാഗങ്ങളും നിലമ്പൂരിൽ കരയ്ക്കടിഞ്ഞിട്ടുണ്ട്. മണ്ണിനടിയിൽപ്പെട്ട ഉറ്റവർക്കായി ആധിയോടെ തെരയുന്ന മനുഷ്യരുടെ കാഴ്ചകളാണ് ചുറ്റിലും. അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് രാവിലെ.
വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രാവിലെ 7 ന് പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും. ഒറ്റപ്പെട്ട മേഖലയിലേക്ക് സൈന്യം എത്തും. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുകയാണ് 2-ാം ദിനത്തിലെ നിർണായക ദൗത്യം. ചാലിയാർ പുഴയിലും വനത്തിലും തിരച്ചിൽ നടത്തും.
ഇടവിട്ടുള്ള മഴയും കനത്ത കോടമഞ്ഞും രക്ഷാദൗത്യത്തിന് തിരിച്ചടിയായപ്പോഴും ഇവയെല്ലാം മറികടന്നാണ് ഇന്നലെ രക്ഷാദൗത്യം പുരോഗമിച്ചത്. നാട് മുഴുവൻ രക്ഷാപ്രവർത്തന ദൗത്യത്തിനായി ദുരന്തമേഖലയിൽ രാത്രിയും തുടർന്നു.
മന്ത്രിമാരായ കെ. രാജന്‍ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. എ മുഹമ്മദ് റിയാസ്, ഒ. ആര്‍ കേളു എന്നിവരും ഉയർന്ന ഉദ്യോഗസ്ഥസംഘവും രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.
സന്ധ്യയോടെ ആർമിയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ താൽക്കാലിക പാലം നിർമിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ സുരക്ഷിതരായി മറുകരയിലേക്ക് എത്തിച്ചത്. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടു.
മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. ഇരുള്‍ പരന്നതോടെ കാട്ടിനുള്ളിലെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തി.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്‌പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്നവര്‍ക്കാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്. ദുരന്തം മുൻകൂട്ടി കാണാൻ കഴിയാതെ മുണ്ടക്കൈയിലെ ജനം ഉറങ്ങിക്കിടക്കവേയാണു ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ മുണ്ടക്കൈയെ തകർത്ത് ആദ്യ ഉരുൾപൊട്ടലുണ്ടാകുന്നത്.
പിന്നീട് 4.10നുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചെത്തിയ മണ്ണും ഗതിമാറിയൊഴുകിയെത്തിയ പുഴയും ചൂരൽമലയിലെ ജീവനും വീടുകളുമെടുത്തു. രണ്ടരക്കിലോമീറ്ററോളമാണ് ഒലിച്ചുപോയത്. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. റോഡുകൾ ഒലിച്ചുപോയി, പാലം തകർന്നു.
ആരൊക്കെ മണ്ണിനടിയിൽ ആരെല്ലാം ഒഴുക്കിൽ പെട്ടു എന്നുള്ള അന്വേഷണത്തിലാണു സംഘം. ഈ പ്രദേശത്ത് പത്തുവീടുകളുടെ തറകൾ മാത്രമാണു ബാക്കിയുള്ളത്. 158 ഓളം വീടുകൾ തകർന്നു.
തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന അതിഥിതൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന മുണ്ടക്കൈയിലെ ലയങ്ങൾ അപ്പാടെ ഒലിച്ചുപോയി. ഭാര്യയും കുഞ്ഞുങ്ങളുമായി 100 പേരോളമുള്ള ഈ ലയത്തിൽനിന്ന് 50തോളം പേർ മുന്നറിയിപ്പിനെ തുടർന്നു മാറിപ്പോയിരുന്നു. ബാക്കിയുള്ളവർ ദുരന്തത്തിൽ പെട്ടു. അങ്ങനെയൊരു ലയം അവിടെയുണ്ടായിരുന്നു എന്ന യാതൊരു അവശേഷിപ്പും ബാക്കിവയ്ക്കാതെ തച്ചുതകർത്തു കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും.