മുംബൈ: യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുര്‍ഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട സോനുര്‍ലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുര്‍ഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി സിന്ധുദര്‍ഗി ഓറോസിലേക്ക് മാറ്റി.
യു.എസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാര്‍ കാര്‍ഡും ഇവരില്‍നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രേഖകളില്‍നിന്ന് സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവാണ് സ്ത്രീയെ വനത്തില്‍ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്തതിനാല്‍ അവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു. അവരുടെ വിസയുടെ കാലാവധി കഴിഞ്ഞതാണ്. അവരുടെ പൗരത്വം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും ഫോറിനേഴ്സ് റീജ്യനല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.