ന്യൂഡല്‍ഹി: പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അറിയില്ലെങ്കില്‍ വീണ്ടും വായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. കേന്ദ്ര ബജറ്റിലെ പ്രസംഗത്തില്‍ ലോക്സഭാംഗങ്ങളല്ലാത്ത വ്യക്തികളെ കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചെന്നാരോപിച്ചാണ് ഓം ബിര്‍ളയുടെ ഉപദേശം.
‘നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. നിങ്ങള്‍ ആദ്യം ലോക്‌സഭയിലെ നടപടിക്രമങ്ങളെ കുറിച്ച് ഒരു തവണ കൂടി വായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഓം ബിര്‍ള പറഞ്ഞു.
‘പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണ്. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവൃത്തികളെല്ലാം ഈ വന്‍കിട വ്യവസായികളെ സംരക്ഷിക്കാന്‍ ഉള്ളതാണ്,’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കേന്ദ്ര ബജറ്റ് ഒരു ഹല്‍വയായിരുന്നെന്നും അതിന്റെ 97 ശതമാനവും ലഭിച്ചത് എ1, എ 2 ഉള്‍പ്പെടയുള്ള മിത്രങ്ങള്‍ക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ബാക്കിയുള്ള മൂന്നില്‍ ഓരോ ശതമാനം വീതം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും ലഭിച്ചെന്നുമാണ് രാഹുല്‍ പറഞ്ഞത്.
പരാമര്‍ശത്തിന് പിന്നാലെ സഭയിലില്ലാത്തവരെ കുറിച്ച പറയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സ്പീക്കര്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനമുന്നയിച്ചു. പ്രതിപക്ഷ നേതാവെന്ന കാര്യം മറക്കരുതെന്നും ഓം ബിര്‍ള രാഹുല്‍ഗാന്ധിയോട് പറഞ്ഞു.
രാജ്യത്തെ കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. എന്‍.ഡി.എ ചെയ്യാത്ത കാര്യങ്ങള്‍ തങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടി ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.