നല്ല ഉറക്കം വേണോ? ബെഡ്‌റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…
നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്‌റൂമിന്റെ ഘടനയും സ്വാധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങള്‍ ഒന്നും അലട്ടാതെ നിശബ്ജമായ, സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്‌റൂമില്‍ ഉണ്ടാകണം. സമ്മര്‍ദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
ബെഡ്‌റൂമിലെ കിടക്ക (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാന്‍ കഴിയുക. ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കിടക്കയോടു ചേര്‍ന്നുവെക്കാതെ മേശവലിപ്പില്‍ വയ്ക്കാം.
കോട്ടണ്‍ കിടക്ക വിരി മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും. അരോമ തെറാപ്പിയിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്ന എസന്‍ഷ്യല്‍ ഓയിലുകളില്‍ പ്രത്യേകിച്ചും ലാവെന്‍ഡര്‍ ഓയിലിന്റെ വശ്യമായ സുഗന്ധം മനസിനെ ശാന്തമാക്കുകയും പിരിമുറുക്കങ്ങള്‍ അകറ്റി റിലാക്‌സ് ആകാന്‍ സഹായിക്കുകയും ചെയ്യും. തലയിണ കവറില്‍ ഒരു തുള്ളി ലാവെന്‍ഡര്‍ ഓയില്‍ തളിച്ച ശേഷം കിടന്നാല്‍ എളുപ്പം ഉറങ്ങാന്‍ സാധിക്കും.
ഇറുകിയതും കട്ടി കൂടിയതുമായ വസ്ത്രങ്ങള്‍ സുഖകരമായ ഉറക്കത്തിന് നല്ലതല്ല. അതിനാല്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളോ സില്‍ക്ക് വസ്ത്രങ്ങളോ കിടക്കുമ്പോള്‍ ധരിക്കുക. മുറിയില്‍ കൂടുതല്‍ ചൂടോ തണുപ്പാ ആയാലും ഉറക്കം തടസ്സപ്പെടാം. ജനലുകളും വാതിലുകളും അടയ്ക്കുന്നതിലൂടെ പുറമെയുള്ള കാലാവസ്ഥാ വ്യതിയാനം മുറിയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
ബെഡ്‌റൂമില്‍ കടുത്ത നിറങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. ഇളംനീലയോ പച്ചയോ പേസ്റ്റല്‍ കളറുകളോ ബെഡ്‌റൂമിലേക്കായി തിരഞ്ഞെടുക്കാം. അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയും ഉറക്കത്തെ ബാധിക്കുന്ന ഘടകമാണ്. ആവശ്യമില്ലാത്തവയൊന്നും മുറിയില്‍ വാരിവലിച്ചിടാതിരിക്കാന്‍ ശ്രദ്ധിക്കണം. മുറിയിലെ സാധനങ്ങള്‍ അടുക്കിവയ്‌ക്കേണ്ടതാണ്.