IndiaNEWS

ലോറി കരയില്‍നിന്ന് 132ാ അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡ്രോണ്‍ പരിശോധന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്ത്. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്.

സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു.

Signature-ad

പോയിന്റ് നാലില്‍ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്. ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ലോറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രോണ്‍ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ ഐ.എ.എസ്. പറഞ്ഞു. പുഴയിലിറങ്ങാന്‍ ടഗ് ബോട്ടുകളുടെ സഹായം തേടും. പ്രാദേശിക മത്സത്തൊഴിലാളികളുടെ സഹായവും ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൊന്റൂണ്‍ സ്ഥാപിക്കുന്നതും പരിശോധിക്കും. പൊന്റൂണ്‍ ഭാഗങ്ങളായി കൊണ്ടുവന്ന് ഘടിപ്പിക്കേണ്ടതുണ്ട്. ഇതാണ് വൈകാന്‍ കാരണം. മത്സ്യത്തൊഴിലാളികളുടെ പ്രദേശത്തെക്കുറിച്ചുള്ള പരിജ്ഞാനവും ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: