തിരുവനന്തപുരം: ‘മിഷന്‍ 2025’ എന്നപേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ഒരുക്കം കെ.പി.സി.സി. ഭാരവാഹികളുടെ ഒളിയുദ്ധത്തിലേക്ക് മാറുന്നു. പ്രതിപക്ഷനേതാവ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരില്‍ കെ.പി.സി.സി. ഭാരവാഹികള്‍ രംഗത്തുവന്നു. സംഘടനാകാര്യങ്ങളുടെ നിയന്ത്രണം പ്രതിപക്ഷനേതാവ് ഏറ്റെടുക്കുന്നുവെന്ന പരാതി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നിസാര്‍ എന്നിവര്‍ ഉന്നയിച്ചു.
ഇതിനുപിന്നാലെ, കെ.പി.സി.സി. ഭാരവാഹികളുടെ അടിയന്തരയോഗം വ്യാഴാഴ്ച രാത്രി കെ. സുധാകരന്‍ വിളിച്ചുചേര്‍ത്തു. ഈ യോഗത്തിലാണ് പ്രതിപക്ഷനേതാവിന്റെ ‘കടന്നുകയറ്റം’ ഭാരവാഹികള്‍ ഉന്നയിച്ചത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ നോക്കുകുത്തികളായി മാറുന്നുവെന്നായിരുന്നു മറ്റൊരു പരാതി.
വയനാട്ടില്‍നടന്ന ക്യാമ്പിലാണ് ‘മിഷന്‍-2025’ എന്നപേരില്‍ തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടാനുള്ള കര്‍മപരിപാടിക്ക് രൂപംനല്‍കിയത്. പ്രതിപക്ഷനേതാവാണ് ഇതിന്റെ കര്‍മരേഖ അവതരിപ്പിച്ചത്. ക്യാമ്പിനുശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷനേതാവുതന്നെ നേതൃത്വം നല്‍കി. ഇതോടെയാണ് കെ.പി.സി.സി. ഭാരവാഹികളില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പ് തുടങ്ങിയത്.
ഓരോജില്ലയിലും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലയുണ്ട്. അതിനുപുറമേ തദ്ദേശതിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടം എന്നരീതിയില്‍ മുതിര്‍ന്നനേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കി. ഇത് ജനറല്‍സെക്രട്ടറിമാരെ ചെറുതാക്കാനാണെന്നായിരുന്നു പരാതി.
ക്യാമ്പിനുശേഷം പ്രതിപക്ഷനേതാവ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു സര്‍ക്കുലര്‍ ഇറക്കി. വാര്‍ഡ് വിഭജനം, തദ്ദേശതിരഞ്ഞെടുപ്പിനുള്ള ചുമതലകള്‍, വാര്‍ഡ് കമ്മിറ്റികളുടെ രൂപവത്കരണം ഇതൊക്കെയായിരുന്നു വിഷയം. ഇതോടെ, നേരത്തേയുള്ള അസംതൃപ്തി പുറത്തെത്തി.
സംഘടനാകാര്യങ്ങള്‍ സര്‍ക്കുലറായി ഇറക്കേണ്ടത് പ്രതിപക്ഷനേതാവല്ലെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. അക്കാര്യമാണ് പഴകുളം മധുവും നിസാറും കെ.പി.സി.സി. പ്രസിഡന്റിനെ അറിയിച്ചതും പിന്നാലെ അടിയന്തരയോഗം വിളിച്ചതും. പ്രതിപക്ഷനേതാവിന്റേത് സമാന്തര സംഘടനാപ്രവര്‍ത്തനമാണെന്നായിരുന്നു ചില നേതാക്കളുടെ വിമര്‍ശനം.
സര്‍ക്കുലര്‍ ഇറക്കേണ്ടത് കെ.പി.സി.സി. തന്നെയാണെന്ന് യോഗത്തില്‍ കെ. സുധാകരന്‍ വിശദീകരിച്ചു. പ്രതിപക്ഷനേതാവ് സര്‍ക്കുലര്‍ ഇറക്കിയോ എന്നകാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരുടെ പ്രവര്‍ത്തനത്തെ ആരും കുറച്ചുകാണുന്നില്ലെന്നും മെച്ചപ്പെട്ട ഇടപെടലിനാണ് മുതിര്‍ന്നനേതാക്കളെക്കൂടി ജില്ലകളുടെ ചുമതലകളിലേക്ക് ഉള്‍പ്പെടുത്തിയതെന്നും സുധാകരന്‍ വിശദീകരിച്ചു. പാര്‍ട്ടി തീരുമാനിച്ച കാര്യം നന്നായി നടക്കാനുള്ള ഇടപെടലാണ് പ്രതിപക്ഷനേതാവ് നടത്തിയതെന്നും അതിനെ തെറ്റായി ധരിക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷും പറഞ്ഞു.