ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാന്‍കയറിയ കള്ളന്‍ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. കോയമ്പത്തൂര്‍ കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലാണ് സംഭവം. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ വീട്ടുടമയും പോലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്.
മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഇതിനിടെ അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയില്‍ ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജന്‍ തിരികെയെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്.
സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചു. എസ്.ഐ.മാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.