IndiaNEWS

പാഴ്സല്‍ വാങ്ങിയ പൊതിച്ചോറില്‍ അച്ചാറില്ല; ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നല്‍കണം

ചെന്നൈ: ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങുമ്പോള്‍ അതില്‍ എല്ലാ വിഭവങ്ങളും ഉണ്ടോ എന്ന് പലരും പരിശോധിക്കാറില്ല. എന്നാല്‍ പാഴ്സലായി വാങ്ങിയ ഊണിന്റെ പൊതിയില്‍ അച്ചാര്‍ വെക്കാത്തതിന് ഹോട്ടലുടമ ഉപഭോക്താവിന് നല്‍കേണ്ടിവന്നത് 35,000 രൂപ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി.

2022 നവംബര്‍ 28 നാണ് സംഭവം നടന്നത്. ബന്ധുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ വയോജന മന്ദിരത്തിലേക്ക് നല്‍കാനാണ് ഊണ്‍ പൊതികള്‍ പാഴ്സലായി വാങ്ങാന്‍ തീരുമാനിച്ചത്. വില്ലുപുരത്തെ ബാലമുരുകന്‍ റെസ്റ്റോറന്റിലെത്തി ഊണിന്റെ വിലയും മറ്റും ചോദിച്ചറിഞ്ഞു. ഊണിന് 70 രൂപയും പാഴ്സലിന് 80 രൂപയുമാണെന്ന് ഹോട്ടലുടമ അറിയിച്ചു.11 ഇനം വിഭവങ്ങള്‍ പാഴ്‌സലിലുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.ഇതുപ്രകാരം 25 ഊണ്‍ പൊതികള്‍ ഓര്‍ഡര്‍ ചെയ്തു. 80 രൂപ നിരക്കില്‍ 25 ഭക്ഷണപ്പൊതികള്‍ക്ക് 2000 രൂപ അഡ്വാന്‍സും നല്‍കി.

Signature-ad

അടുത്ത ദിവസം റസ്റ്റോറന്റില്‍ നിന്ന് പാഴ്സല്‍ വാങ്ങി. ഇതിന്റെ ബില്ല് ആവശ്യപ്പെട്ടെങ്കിലും റസ്റ്റോറന്റ് ഉടമ കടലാസില്‍ എഴുതി നല്‍കിയ കുറിപ്പാണ് ആരോഗ്യസ്വാമിക്ക് നല്‍കിയത്. വയോജനമന്ദിരത്തിലെത്തി പാഴ്സല്‍ വിതരണം ചെയ്തപ്പോഴാണ് അച്ചാറില്ലെന്ന് ആരോഗ്യസ്വാമി കണ്ടെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹം ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു.

പാഴ്സല്‍ പൊതിയില്‍ നിന്ന് അച്ചാര്‍ ഒഴിവാക്കിയെന്നായിരുന്നു ഹോട്ടലുടമയുടെ വിശദീകരണം. എന്നാല്‍ ഒരു രൂപവിലയുള്ള അച്ചാര്‍ പാക്കറ്റുകള്‍ വെച്ചില്ലെന്നും ഇതുപ്രകാരം 25 രൂപ തനിക്ക് തിരിച്ചു തരണമെന്നും ആരോഗ്യ സ്വാമി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഹോട്ടലുടമ തയ്യാറായില്ല. ഇതുസംബന്ധിച്ച് ഹോട്ടലുടമയും ആരോഗ്യസ്വാമിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. പിന്നാലെയാണ് ആരോഗ്യസ്വാമി വില്ലുപുരം ജില്ലാ ഉപഭോക്തൃ പരാതി സമിതിക്ക് പരാതി നല്‍കിയത്.

ഊണ്‍പൊതിയില്‍ അച്ചാര്‍ നല്‍കാത്തത് ഹോട്ടലിന്റെ സേവനത്തിലെ പോരായ്മയാണെന്ന് കേസ് പരിഗണിച്ച ചെയര്‍മാന്‍ സതീഷ് കുമാര്‍, അംഗങ്ങളായ മീരാമൊയ്തീന്‍, അമല തുടങ്ങിയവര്‍ നിരീക്ഷിച്ചു. ഇതിന്റെ നഷ്ടപരിഹാരമായി 30,000 രൂപയും വ്യവഹാരച്ചെലവിന് 5,000 രൂപയും അച്ചാറിന് 25 രൂപയും നഷ്ടപരിഹാരം നല്‍കാനും വാങ്ങിയതിന്റെ യഥാര്‍ത്ഥ രസീത് നല്‍കാനും അവര്‍ ഹോട്ടല്‍ ഉടമയോട് ഉത്തരവിട്ടു.

നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടലുടമക്ക് 45 ദിവസത്തെ സമയം അനുവദിച്ചു. ഈ ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പ്രതിമാസം 9ശതമാനം പലിശ നിരക്കില്‍ അധിക പിഴ ഈടാക്കുമെന്നും ജില്ലാ ഉപഭോക്തൃ പരാതി സമിതി മുന്നറിയിപ്പ് നല്‍കി. ഇരുപക്ഷത്തു നിന്നുമുള്ള വാദങ്ങള്‍ കേട്ടതിന് പിന്നാലെയാണ് സമിതി ആരോഗ്യസ്വാമിക്ക് അനുകൂലമായി വിധിച്ചത്. ഓള്‍ കണ്‍സ്യൂമേഴ്‌സ് പബ്ലിക് എന്‍വയോണ്‍മെന്റല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി ആരോഗ്യസ്വാമി.

 

Back to top button
error: