ഇടുക്കി: ചെറുതോണി ഭൂമിയാകുളം മേഖലയില്‍ സ്വര്‍ണമോഷണം പതിവാകുന്നു. ഒന്നര മാസത്തിനിടെ 4 വീടുകളിലാണ് മോഷണം നടന്നത്. പുല്‍പറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. കഴിഞ്ഞ 15ന് ശേഷമാണ് സംഭവം. ഇവിടെ നിന്ന് ഒരു പവന്‍ തൂക്കം വരുന്ന വളയും അരപ്പവന്റെ മോതിരവുമാണ് മോഷണം പോയത്. പകല്‍ വീട്ടുകാര്‍ കൃഷിയിടത്തിലായിരുന്ന സമയത്തായിരുന്നു കള്ളന്‍ വീട്ടില്‍ കയറിയത്. പുരയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ വീടിന്റെ കതക് പൂട്ടാറുണ്ടായിരുന്നില്ല.
തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നു സ്വര്‍ണം മോഷ്ടിച്ചശേഷം താക്കോല്‍ യഥാസ്ഥാനത്ത് തിരികെവച്ചിരുന്നു. വളയും മോതിരവും സൂക്ഷിച്ചിരുന്നതിനൊപ്പം വേറെയും സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും എടുത്തിട്ടില്ല. കള്ളന്‍ കയറിയ മറ്റു വീടുകളിലും സമാനരീതിയിലാണ് മോഷണം നടന്നിരിക്കുന്നത്.
ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. അതിനാല്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. എല്ലാ വീട്ടിലും കയറിയിരിക്കുന്നത് ഒരേ കള്ളന്‍ തന്നെയാണെന്നും പൊലീസ് പറയുന്നു. പ്രദേശവും വീടുകളും വീട്ടുകാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷ്ടാക്കള്‍. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനയൊന്നും ലഭിക്കുന്നില്ല.