ബംഗളുരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി ബുധനാഴ്ച എത്തിക്കുമെന്ന് അറിയിച്ചിരുന്ന ബൂം ലെങ്ത് യന്ത്രമെത്തുന്നത് വൈകും. 60 അടിവരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന യന്ത്രംകൊണ്ടുവരുന്ന വാഹനത്തിന് തകരാര്‍ സംഭവിച്ചതാണ് വൈകാന്‍ കാരണം. വാഹനത്തിന്റെ തകാര്‍ പരിഹരിച്ചെങ്കിലും ഉച്ചയോടെ മാത്രമേ യന്ത്രമെത്തുകയുള്ളൂ.
ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെവെച്ചാണ് വാഹനത്തിന് തകരാര്‍ സംഭവിച്ചത്. ഹുബ്ബള്ളി കാര്‍വാര്‍ പാതയില്‍ യെല്ലാപുരയില്‍വെച്ച് യന്ത്രം കൊണ്ടുവരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറാവുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയേ യന്ത്രം എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍ സിസ്റ്റം ബുധനാഴ്ച ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന്റെ ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം. വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ബാറ്ററി ഇപ്പോള്‍ ട്രെയിനിലാണ് കൊണ്ടുവരുന്നത്. രാജധാനി എക്സ്പ്രസില്‍ കൊണ്ടുവരുന്ന ബാറ്ററി വ്യാഴാഴ്ച ഉച്ചയോടെയേ എത്തുകയുള്ളൂ.
ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ വ്യാഴാഴ്ച മുതല്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്നാണ് സൂചന. ചൊവ്വാഴ്ചത്തെ പരിശോധനയില്‍ പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍നിന്ന് റഡാര്‍ സിഗ്‌നല്‍ ലഭിച്ചിരുന്നു. അവിടെ ബുധനാഴ്ചയും തിരച്ചില്‍ തുടരും. സോണാര്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തും. ഇപ്പോള്‍ തുടരുന്ന തിരച്ചിലില്‍ തൃപ്തിയുണ്ടെന്ന് അര്‍ജുന്റെ സഹോദരന്‍ പറഞ്ഞു.