CrimeNEWS

കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല, പോലീസ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; 3 പേര്‍ പിടിയില്‍

കോട്ടയം: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (39), ഈരാറ്റുപേട്ട നടക്കല്‍ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തില്‍ സാത്താന്‍ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂര്‍ തെക്കുംമുറി ഭാഗത്ത് തെക്കേതില്‍ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ജില്ലയില്‍ മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ലഹരിവിരുദ്ധ സ്‌ക്വാഡ് വാഹന പരിശോധന നടത്തിയിരുന്നു. അപ്പോള്‍ ഈരാറ്റുപേട്ടക്ക് സമീപം കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവര്‍ സഞ്ചരിച്ചുവന്ന കാര്‍ നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇവര്‍ വാഹനം ഇടിപ്പിച്ചതില്‍ പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിക്കുകയും പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Signature-ad

തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിന്തുടര്‍ന്നെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. ജിജോ ജോര്‍ജിന് തൊടുപുഴ,തൃശ്ശൂര്‍ ഈസ്റ്റ്, പോത്താനിക്കാട്, കാളിയാര്‍, കാഞ്ഞാര്‍, വാഴക്കുളം, കുന്നത്തുനാട്, കൊരട്ടി, കോതമംഗലം, മൂവാറ്റുപുഴ, മുട്ടം, മേലുകാവ്, വൈക്കം എന്നീ സ്റ്റേഷനുകളിലും ഷാനവാസ് യാക്കൂബിന് ഈരാറ്റുപേട്ട സ്റ്റേഷനിലും, അഭിലാഷ് രാജുവിന് കിടങ്ങൂര്‍, പീരുമേട് എക്സൈസ്, പാലാ എന്നീ സ്റ്റേഷനുകളിലും കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: