KeralaNEWS

യുവഡോക്ടർമാരുടെ കൊടും ക്രൂരത: വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കേസെടുക്കാൻ വിസമ്മതിച്ച് പൊലീസ്

   ബൈക്ക് യാത്രക്കാരുടെ ദേഹത്ത് റോ‍ഡിലെ ചെളിവെള്ളം തെറുപ്പിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യുവ ഡോക്ടർമാരുടെ ക്രൂരത. കഴിഞ്ഞ രാത്രി കൊച്ചി ചിറ്റൂർ ഫെറി റോഡിൽ ആസ്റ്റർ മെഡിസിറ്റിക്ക് സമീപത്ത് വെച്ചാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.

ലോറി ഡ്രൈവറായ അക്ഷയ്, സഹോദരി അൻസു എന്നിവർ ബൈക്കിൽ രാത്രി വീട്ടിലേക്ക് വരും വഴി ഇവരെ കടന്നുപോയ കാർ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. തുടർന്ന് യുവാവ് കാറിന് കുറുകേ ബൈക്ക് വെച്ച് ഇതിനേതിരേ പ്രതികരിച്ചു. ഡോക്ടർമാരായ രണ്ടു യുവാക്കളും ഒരു യുവതിയുമാണു കാറിൽ ഉണ്ടായിരുന്നത്.  തർക്കം നടക്കുന്നതിനിടെ കാർ ഡ്രൈവർ അക്ഷയ്യുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. എന്നാൽ ബൈക്കിനെ പിന്തുടർന്ന കാറിലുണ്ടായിരുന്നവർ വീട്ടിലേക്ക് തിരിയുന്നതിനിടെ തങ്ങളെ അസഭ്യം വിളിച്ചതായി അൻസു പറയുന്നു. ഇതു ചോദ്യം ചെയ്യാൻ പോയ അക്ഷയ്ക്കൊപ്പം പിതാവ് സന്തോഷും ചേർന്നു.

Signature-ad

ഈ തർക്കത്തിനിടയിൽ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങുകയും ഇരുകൂട്ടരും തമ്മിൽ മൽപ്പിടുത്തമുണ്ടാകുകയും ചെയ്തു. തുടർന്ന് കാറിൽ കയറിയ യുവാക്കൾ സന്തോഷിന്റെ കഴുത്തിലും അക്ഷയുടെ കൈയിലും വലിച്ചുപിടിച്ച് ഇടുങ്ങിയ റോഡിലൂടെ കാർ ഓടിച്ചുപോവുകയായിരുന്നു. ഇതിന്റെ പിന്നാലെ അൻസു നിലവിളിച്ചുകൊണ്ട് ഓടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 200 മീറ്ററോളം പോയ ശേഷമാണ് സന്തോഷിനെ കാറിലുള്ളവർ പുറത്തേക്ക് തള്ളിയിടുന്നത്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് കാർ നിർത്തിച്ചത്. തുടർന്ന് നാട്ടുകാര്‍ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു.

രാത്രി തന്നെ സ്റ്റേഷനിലെത്തി സന്തോഷും കുടുംബവും പരാതി നൽകിയെങ്കിലും കേസ് എടുത്തില്ല. സംഭവത്തിലെ മാധ്യമ വാർത്തകൾക്ക് പിന്നാലെ എം.എൽ.എ. ടി.ജെ. വിനോദ് അടക്കം ഇടപെട്ടതോടെയാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്. പ്രതികൾ ഉന്നതബന്ധമുള്ളവരായതിനാലാണ് കേസെടുക്കാത്തത്. നാട്ടുകാർ പൊലീസിനു കൈമാറിയ കാറും അതിലുള്ളവരേയും പൊലീസ് അപ്പോൾ തന്നെ വിട്ടയച്ചെന്നും  ആരോപണമുണ്ട്.

അക്ഷയും പിതാവും ചേർന്ന് തങ്ങളെ കഴുത്തിന് പിടിക്കുകയും പിന്നാലെയുണ്ടായ പിടിവലിയിൽ വാഹനം ഓട്ടോമാറ്റിക് ആയി നീങ്ങി പോയതാണെന്നുമാണ് ഇവരുടെ വാദം. കുറച്ച് ദൂരത്തിന് ശേഷം വാഹനം ചവിട്ടി നിർത്തിയിപ്പോൾ ഓട്ടോറിക്ഷ റോഡിന് കുറുകെയിട്ട് തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്നും  കാർ യാത്രികർ ആരോപിച്ചു.

കാറിൽ യാത്ര ചെയ്തിരുന്നവർ അക്ഷയ്ക്കും പിതാവിനുമെതിരേ  കൊടുത്ത പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: