NEWSWorld

മാതൃരാജ്യത്തിനെതിരെ യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രതിഷേധം: 57 പേർക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദബി കോടതി

   ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മാതൃരാജ്യത്തിനെതിരെ  യുഎഇയിൽ  കൂട്ടംകൂടി പ്രതിഷേധിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്ക് അബുദബി ഫെഡറൽ അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. 3 ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും, ഒരാൾക്ക് 11 വർഷവും 53 പേർക്ക് 10 വർഷവും  തടവുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും.

സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് 3 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഒരാൾക്ക് 11 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുഎഇ അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം അടിയന്തിര അന്വേഷണം നടത്തി കേസ് ത്വരിതഗതിയിലാണ് വിചാരണ നടന്നതും ശിക്ഷ വിധിച്ചതും.

വിചാരണയ്ക്കിടെ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

പൊതുസ്ഥലത്ത് അനുവാദമില്ലാതെ ഒത്തുകൂടുക, ക്രമസമാധാനം നശിപ്പിക്കുക, യുഎഇയിൽ മാതൃരാജ്യത്തിനെതിരെ  പ്രതിഷേധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുഎഇ അറ്റോർണി ജനറലിന്റെ നിർദേശപ്രകാരം 30 ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

Back to top button
error: