KeralaNEWS

ഡിജിറ്റലായി വന്ന് ഉപഗ്രഹ ചാനലായി മാറാന്‍ കൊതിച്ച ‘ദി ഫോര്‍ത്ത്’ പൂട്ടുന്നു; മുന്‍നിര ചാനലുകളില്‍നിന്നും ചേേക്കറിയ ഇരുനൂറോളം മാധ്യമ പ്രവര്‍ത്തകര്‍ക്കും സാങ്കേതിക വിദഗ്ധരും വഴിയാധാരമാകും

കൊച്ചി: പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ കച്ചകെട്ടിയിറങ്ങിയ മാധ്യമ സ്ഥാപനമായ ‘ദി ഫോര്‍ത്ത്’ പൂട്ടുന്നു. ചാനലിനായി റിക്രൂട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളള ജീവനക്കാരോട് പിരിഞ്ഞുപൊയ്‌ക്കൊളളാന്‍ അനൗദ്യോഗികമായി അറിയിച്ചു. ഈമാസം അവസാനം വരെ മാത്രമേ ഓഫീസ് പ്രവര്‍ത്തിക്കുകയുളളു എന്ന് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചു.

മറ്റ് തൊഴിലവസരങ്ങള്‍ ലഭിക്കാത്ത ജീവനക്കാര്‍ക്ക് ഓഗസ്റ്റ് 31 വരെ ഓഫീസില്‍ വരാന്‍ അനുവാദമുണ്ടാകും. എന്നാല്‍, ജൂലൈ മാസത്തിലെ വരെയുളള ശമ്പളത്തിനെ ജീവനക്കാര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുളളുവെന്നും മാനേജിങ്ങ് ഡയറക്ടര്‍ റിക്‌സണ്‍ എടത്തില്‍ അറിയിച്ചിട്ടുണ്ട്.

Signature-ad

ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി പ്രവര്‍ത്തനം തുടങ്ങിയ ‘ ദി ഫോര്‍ത്ത് ‘, വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ സ്വപ്നം കണ്ടാണ് മികച്ച മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ധരെയും വന്‍തോതില്‍ റിക്രൂട്ട് ചെയ്തത്.

മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് നിരവധി പേര്‍ ഓഫര്‍ സ്വീകരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സാമ്പത്തിക സ്രോതസ് നിലച്ചതിനെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി തടസപ്പെട്ടിരിക്കുകയായിരുന്നു. ക്യാമറ, എഡിറ്റ് സ്യൂട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കാനുളള ഉപകരണങ്ങള്‍, ഗ്രാഫിക്‌സ് എക്യുപ്‌മെന്റ്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതിയാണ് പണമില്ലാത്തതിനെ തുടര്‍ന്ന് തടസപ്പെട്ടത്.

ചാനല്‍ സംപ്രേഷണം തുടങ്ങാനായില്ലെങ്കിലും ഏതാണ്ട് രണ്ട് കൊല്ലമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തുവരികയായിരുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയായിരുന്നു. എന്നാല്‍ പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ മാനേജ്‌മെന്റിന് കഴിഞ്ഞില്ല. ഇതിനിടെ പ്രധാന നിക്ഷേപകരായിരുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഫാം ഫെഡ് പണം നല്‍കുന്നത് നിര്‍ത്തി. ഇതോടെ ശമ്പളം നല്‍കാന്‍ പണം ഇല്ലാത്ത അവസ്ഥയിലായി.

ശമ്പള പ്രതിസന്ധി മൂര്‍ച്ഛിച്ചാണ് ഇപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടുന്നത്. ചാനല്‍ തുടങ്ങനുമെന്ന് വിശ്വസിച്ച് ജോലിക്ക് കയറിയ നൂറിലേറെ മാധ്യമ പ്രവര്‍ത്തകരും ഏതാണ്ട് അത്രയും തന്നെ സാങ്കേതിക വിദഗ്ധരും സ്ഥാപനം പൂട്ടിയതോടെ പെരുവഴിയിലായി.

ജൂനിയര്‍ തലത്തിലുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മറ്റ് സ്ഥാപനങ്ങളില്‍ അവസരമുളളത്. സീനിയര്‍ മാധ്യമ പ്രവര്‍ത്തകരുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത്. വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പറഞ്ഞ് ഫോര്‍ത്ത് മാനേജ്‌മെന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് ജോലി നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പരാതി.

നിക്ഷേപകരില്‍നിന്ന് ലഭിച്ച പണം മാനേജിങ്ങ് ഡയറക്ടര്‍ റിക്‌സണും ചില ഡയറക്ടര്‍മാരും ചേര്‍ന്ന് ധൂര്‍ത്തടിച്ച് കളയുകയായിരുന്നു എന്നും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. മാനേജ്‌മെന്റിന്റെ തലപ്പത്തുളളവര്‍ സാമ്പത്തികമായി സുരക്ഷിതത്വം നേടിയപ്പോള്‍ വിശ്വസിച്ച് ജോലിയില്‍ ചേര്‍ന്ന തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. മംഗളം, ന്യൂസ് എക്‌സ് ചാനലുകളിലായി 5 വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുളളയാളാണ് മാനേജിങ്ങ് ഡയറക്ടറായി സ്ഥാപനത്തെ നയിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ചാനല്‍ സംരംഭം ഉപേക്ഷിച്ചുകൊണ്ട് സ്ഥാപനം പൂട്ടുന്നകാര്യം ദി ഫോര്‍ത്ത് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചത്. 35000 രൂപയില്‍ താഴെയുളളവര്‍ക്ക് മാത്രമാണ് ഇതുവരെ ജൂണിലെ ശമ്പളം ലഭിച്ചത്. ഫാം ഫെഡ് പണം ഇറക്കുന്നത് നിര്‍ത്തിയതില്‍ പിന്നെ ശമ്പളം വളരെ വൈകിയാണ് നല്‍കുന്നത്.

ന്യൂസ് ഡയറക്ടര്‍, കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ തുടങ്ങി ഉന്നത തസ്തികയിലുളളവര്‍ക്ക് മേയിലെ ശമ്പളം പോലും കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുളള ജിമ്മി ജെയിംസായിരുന്നു ദി ഫോര്‍ത്തിന്റെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍. ടൈംസ് ഓഫ് ഇന്ത്യയുടെ ഉന്നത തസ്തികയിലുണ്ടായിരുന്ന ബി. ശ്രീജനാണ് ന്യൂസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്.

മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍, ഏഷ്യാനെറ്റ്, ട്വന്റി ഫോര്‍ തുടങ്ങിയ പ്രധാന ചാനലുകളില്‍ നിന്ന് നിരവധി പേര്‍ ഫോര്‍ത്തിന്റെ പുതിയ ചാനല്‍ സംരംഭത്തിലേക്ക് ചേക്കേറിയിരുന്നു. അവരാണ് ഇപ്പോള്‍ പൊടുന്നനെ തൊഴില്‍രഹിതരായത്.

Back to top button
error: