IndiaNEWS

മൂന്ന് വര്‍ഷം മുമ്പ് കാണാതായ വയോധികന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ പരസ്യത്തില്‍; പ്രതീക്ഷയോടെ കുടുംബം

മുംബൈ: മൂന്ന് വര്‍ഷം മുമ്പ് കാണാതായ വയോധികന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ പരസ്യപോസ്റ്ററില്‍. 2021 ഡിസംബറില്‍ പൂനെയിലെ ഷിരൂരില്‍ നിന്നാണ് 63-കാരനായ ജ്ഞാനേശ്വര്‍ വിഷ്ണു താംബെയെ കാണാതായത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. കുടുംബം പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അതിനിടയിലാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ വീണ്ടുമുയര്‍ന്നത്. രണ്ടുദിവസം മുമ്പ് ഭരണകക്ഷിയായ ശിവസേനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് അതിന് കാരണം.

കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയില്‍ ‘മുഖ്യമന്ത്രി തീര്‍ഥ ദര്‍ശന്‍ യോജന’ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിനായി മുതിര്‍ന്ന പൗരന്മാര്‍ക്ക് 30,000 രൂപ വരെ സബ്‌സിഡി നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡക്കൊപ്പം കാണാതായ ജ്ഞാനേശ്വര്‍ വിഷ്ണു താംബെയുടെ ചിത്രവുമുള്ളത്.

Signature-ad

ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാരും ശിവസേനയുമെല്ലാം പദ്ധതിക്ക് വ്യാപക പ്രചാരണമാണ് നല്‍കിവരുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് അപ്രതീക്ഷിതമായായിരുന്നു താംബെയുടെ മകന്‍ ഭരതിന്റെ കണ്ണില്‍പ്പെട്ടത്. തന്റെ സുഹൃത്തുക്കളിലൊരാളാണ് ഈ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുതന്നതെന്ന് ഭരത് പറയുന്നു. സ്‌ക്രീന്‍ ഷോട്ട് കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, തീര്‍ഥ ദര്‍ശന്‍ യോജനയുടെ പരസ്യത്തിലുള്ളത് തന്റെ പിതാവായിരുന്നു’. ശിക്രാപൂരില്‍ ഭക്ഷണശാല നടത്തുന്ന ഭരത് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം…അദ്ദേഹവുമായുള്ള പുനഃസമാഗമത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്…’ മകന്‍ പറയുന്നു.

അതേസമയം, താംബെയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നില്ലെന്നാണ് ശിക്രപൂര്‍ പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് മകനായ ഭരത് പരാതി നല്‍കിയതെന്ന് ഇന്‍സ്പെക്ടര്‍ ദീപ്തന്‍ ഗെയ്ക്വാദ് പറഞ്ഞു. മുമ്പും താംബെ വീടു വിട്ടിറങ്ങിപ്പോയിട്ടുണ്ടെന്ന് പിന്നീട് തിരിച്ചുവരാറാണ് പതിവെന്നും കുടുംബം പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രശാന്ത് ധോലെ പറഞ്ഞു. 2021 ഡിസംബറില്‍ കോവിഡ്-19 ന്റെ സമയത്താണ് അദ്ദേഹം അവസാനമായി വീടുവിട്ടിറങ്ങിയത്. മുമ്പത്തെപ്പോലെ തിരിച്ചെത്തുമെന്ന് കുടുംബാംഗങ്ങള്‍ വിശ്വസിച്ചു. അതിനാല്‍ അവര്‍ പൊലീസിനെ അറിയിക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ താംബെക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രശാന്ത് ധോലെ പറഞ്ഞു.പരസ്യത്തിലെ താംബെയുടെ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, പരസ്യത്തില്‍ താംബെയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പൗരന്റെ ഫോട്ടോ അവരുടെ അനുമതി കൂടാതെ പരസ്യത്തില്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ വിമര്‍ശിച്ചു. സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും പരസ്യങ്ങളും പൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ കാണാതായ ആളുടെ ഫോട്ടോ വെച്ച് പരസ്യം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. സംസ്ഥാന സര്‍ക്കാര്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലും ഈ പരസ്യം പോസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു വിശദീകരണം. ശിവസേനയും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

 

Back to top button
error: