കോഴിക്കോട്: ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പറയുന്നത്. വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തു.
ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണം തുടങ്ങി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍ എത്തിയത്.