CrimeNEWS

കൊന്നത് ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ; യൂറോകപ്പ് കാണുന്നതിനിടെ സീരിയല്‍കില്ലര്‍ പിടിയില്‍

നെയ്റോബി: കെനിയയില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പരമ്പരക്കൊലയാളി(സീരിയല്‍കില്ലര്‍)യെ പോലീസ് അറസ്റ്റുചെയ്തു. 33 വയസ്സുള്ള കൊളിന്‍സ് ജുമൈഷി ഖലുഷയാണ് പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നശേഷം വികൃതമാക്കിയ മൃതദേഹങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

നെയ്‌റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നും വെള്ളിയാഴ്ചമുതല്‍ ആകെ ഒമ്പത് മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയനിലയില്‍ കണ്ടെടുത്തത്. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഖലുഷി പിടിയിലായത്.

Signature-ad

നെയ്റോബിയിലെ ഒരു ബാറിലിരുന്ന് യൂറോകപ്പ് കാണുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയവരുടേതെന്ന് സംശയിക്കുന്ന സാധനങ്ങളും കയര്‍, കൈയുറ തുടങ്ങിയവയും ഖലുഷിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ അടുത്ത ഇരയ്ക്കായുള്ള കരുനീക്കത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു.

അതേസമയം, പോലീസ് ചെക്ക്‌പോസ്റ്റിനു തൊട്ടുസമീപത്തു നടന്ന സംഭവം എന്തുകൊണ്ട് അധികൃതര്‍ അറിയാതെ പോയെന്നാണു പ്രദേശവാസികളുടെ ചോദ്യം. മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് ഖലുഷയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: