മുംബൈ: സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതടക്കമുള്ള അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടേക്കാം. നിയമനടപടികളും നേരിടേണ്ടിവരും. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത എന്നിവയാണ് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം അന്വേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ, കര്‍ഷകരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പ് പുണെയിലെ മുല്‍ഷിയില്‍ കര്‍ഷകരുമായുള്ള ഭൂമി തര്‍ക്കത്തിനിടെയാണ് അമ്മ മനോരമ ഖേദ്കര്‍ തോക്കുചൂണ്ടിയത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇടപെടല്‍. ഇതുസംബന്ധിച്ച് കര്‍ഷകരുടെ പരാതിയും നിലവിലുണ്ട്. പുണെ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മുല്‍ഷിയില്‍ ഖേദ്കര്‍ കുടുംബത്തിനുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സമീപത്തെ കര്‍ഷകരുമായി ഏറെനാളായി തര്‍ക്കവും കേസുമുണ്ട്.
പൂജ ഖേദ്കര്‍ പുണെ കലക്ട്രേറ്റില്‍ നിയമിതയായ വേളയില്‍ അവര്‍ക്കൊപ്പം ഓഫീസിലെത്തി മകള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കലക്ടറേറ്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയ പൂജയുടെ അച്ഛന്‍ ദിലീപ് ഖേദ്കറും അന്വേഷണം നേരിടുകയാണ്.