IndiaNEWS

രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു; ഹിമാചലില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്ക് ദയനീയ തോല്‍വി

സിംല: ഹിമാചല്‍ പ്രദേശില്‍ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്ന്‌സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥികളായ സിറ്റിങ് എം.എല്‍.എ ഹോഷിയാര്‍ സിങ്, കെ.എല്‍ ഠൂക്കര്‍ എന്നിവര്‍ക്കാണ് അടിതെറ്റിയത്.

ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്ന ദെഹ്ര മണ്ഡലത്തിലായിരുന്നു ഹോഷിയാര്‍ സിങ് വീണ്ടും ജനവിധി തേടിയത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കമലേഷ് താക്കൂര്‍ 9,399 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വന്‍ വിജയം നേടി.

Signature-ad

നളഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഹര്‍ദീപ് സിങ് ബാവയോടാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.എല്‍ ഠൂക്കര്‍ പരാജയപ്പെട്ടത്. 8,990 വോട്ടുകള്‍ക്കായിരുന്നു പരാജയം. അഞ്ച് തവണ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു ഹര്‍ദീപ് സിങ് ബാവ.

അതേസമയം, ഹമീര്‍പൂര്‍ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആശിഷ് ശര്‍മ്മ 1,571 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ പുഷ്പേന്ദര്‍ വര്‍മ്മയെ നേരിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് തന്റെ എം.എല്‍.എ സ്ഥാനം ആശിഷ് ശര്‍മ്മ നിലനിര്‍ത്തിയത്. കനത്ത തിരിച്ചടിയിലും ആഷിശ് ശര്‍മ്മയുടെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്. സ്വതന്ത്ര എം.എല്‍.എയായി വിജയിച്ച ശേഷം രാജിവെച്ചാണ് ആഷിശും ബി.ജെ.പിയില്‍ ചേര്‍ന്നത്.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരായിരുന്നു ആശിഷ് ശര്‍മ്മയും കെ എല്‍ താക്കൂറും ഹോഷിയാര്‍ സിങ്ങും. എന്നാല്‍ ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന് വോട്ട് ചെയ്യുകയും പിന്നീട് രാജിവെക്കുകയുമായിരുന്നു. മാര്‍ച്ച് 22ന് രാജിവച്ച് പിറ്റേന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. സിറ്റിങ് എം.എല്‍.എമാരെ നിര്‍ത്തിയിട്ടും കനത്ത തിരിച്ചടി നേരിടേണ്ടി വന്ന ആഘാതത്തിലാണ് ബി.ജെ.പി.

അതേസമയം, മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറിന്റെ വിജയത്തോടെ ഹിമാചലിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നിയമസഭയിലേക്കെത്തുന്നതിനും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് സാക്ഷിയായി.ഇതിന് പുറമെ, ഇത്തവണത്തെ സംസ്ഥാന നിയമസഭയില്‍ ഒറ്റ സ്വതന്ത്ര എം.എല്‍.എമാര്‍ പോലുമില്ലെന്നതും സവിശേഷതയാണ്.

 

Back to top button
error: