KeralaNEWS

സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നെന്ന് രമ; ശൈലജയെ അപമാനിച്ചത് ഓര്‍മിപ്പിച്ച് മന്ത്രി വീണ

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സഭയില്‍ കൊമ്പുകോര്‍ത്ത് മന്ത്രി വീണാ ജോര്‍ജും കെ.കെ.രമയും. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെട്ട കേസുകളില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നു രമ പറഞ്ഞു. എന്നാല്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയെ ആര്‍എംപി നേതാവ് അപമാനിച്ചപ്പോള്‍ എന്തു നടപടിയുണ്ടായെന്ന് വീണാ ജോര്‍ജ് ചോദിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടക്കുന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപമാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. രമയും വീണയും ഏറെ വൈകാരികമായാണു പല അവസരങ്ങളിലും പ്രതികരിച്ചത്. പലപ്പോഴും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു വീണാ ജോര്‍ജ് പറഞ്ഞു. അരൂരില്‍ എസ്സി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ മര്‍ദിച്ചതടക്കം ഇത്തരം സംഭവങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിലെല്ലാം പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് എടുക്കുന്നതെന്ന് കെ.കെ.രമ പറഞ്ഞു. പൊലീസ് നടപടി സംബന്ധിച്ച് മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ എത്താത്തത്, എത്രത്തോളം ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണെന്നും കുറ്റപ്പെടുത്തി.

Signature-ad

”അരൂരില്‍ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി മറുപടി നല്‍കുന്നില്ല. അവര്‍ തൈക്കാട്ടുശേരിയിലെ സിപിഎം പ്രവര്‍ത്തകര്‍ ആയതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. കുസാറ്റില്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗമാണ് കലോത്സവത്തിനിടെ പെണ്‍കുട്ടിക്കു നേരെ അതിക്രമം നടത്തിയത്. ആ പെണ്‍കുട്ടി പാര്‍ട്ടിക്കു പരാതി നല്‍കി അന്വേഷിക്കുമെന്നു കരുതി കാത്തുനിന്നു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കി. കുട്ടികളുടെ ക്ഷേമമുറപ്പാക്കേണ്ട ക്ഷേമകാര്യ കമ്മിഷന്‍ ചെയര്‍മാനായ ബേബി എന്നയാളെ പൊലീസ് സംരക്ഷിക്കുകയാണ്. ഇയാളെ സ്ഥാനങ്ങളില്‍നിന്ന് നീക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം വിഷയങ്ങള്‍ കേരളത്തെ നാണിപ്പിക്കുന്നതാണ്.

കാലടി ശ്രീശങ്കരാ കോളജിലെ മുന്‍ എസ്എഫ്ഐ നേതാവായ രോഹിത് എന്നയാളാണ് പെണ്‍കുട്ടിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചത്. പെണ്‍കുട്ടി തെളിവുസഹിതം പരാതി നല്‍കിയിട്ടും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇരുപതോളം പെണ്‍കുട്ടികളുടെ ചിത്രമാണ് വൈകൃത മനസ്സിന് ഉടമയായ പ്രതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ച് കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നതും ഞെട്ടിക്കുന്നതാണ്. ഡല്‍ഹിയില്‍ ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷണ്‍ ഗുസ്തി താരങ്ങളോടു ചെയ്തതിനെപോലും വെല്ലുന്ന രൂപത്തിലാണ് കേരളത്തില്‍ സംഭവിക്കുന്നത്. രക്ഷകര്‍ത്താക്കള്‍ എന്തുവിശ്വസിച്ച് കുട്ടികളെ പരിശീലനത്തിന് അയയ്ക്കും? രണ്ടു വര്‍ഷം മുന്‍പ് പോക്സോ കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയയാളെ വീണ്ടും പരിശീലകനായി തുടരാന്‍ ക്രിക്കറ്റ് അസോഷിയേഷന്‍ അനുവദിച്ചു.

എസ്എഫ്ഐക്കാര്‍ കോളജുകളില്‍ കാട്ടിക്കൂട്ടുന്ന അതിക്രമത്തെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഒരു കാലത്ത് എസ്എഫ്ഐക്കാരി ആയിരുന്നുവെന്ന് പറയാന്‍ അഭിമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോഴുള്ള കുട്ടികള്‍ക്ക് പിന്നീടത് അഭിമാനത്തോടെ പറയാന്‍ കഴിയില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ സേഫ് കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാര്‍ഡ് പുറത്തുപോകുന്ന നാടായി കേരളം മാറി. നടിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണു മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചു. 1.6 കോടി രൂപ ചെലവിട്ട് പ്രവര്‍ത്തിച്ച കമ്മിഷന്‍ നാലു വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല” രമ കുറ്റപ്പെടുത്തി.

ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ ബഹളംവച്ചു. ക്രിക്കറ്റ് അസോസിയേഷനെ പറയുമ്പോള്‍ എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുന്നതെന്നു സ്പീക്കര്‍ പി.പി.ചിത്തരഞ്ജനോടു ചോദിച്ചു. കെ.കെ.ശൈലജയെ ആര്‍എംപി നേതാവ് അപമാനിച്ചതു ചൂണ്ടിക്കാട്ടിയാണു വീണാ ജോര്‍ജ് മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷോബിന്‍ തോമസ് എഴുതിയ കാര്യങ്ങള്‍ വ്യക്തിയെന്ന നിലയില്‍ സഭയില്‍ വായിക്കാന്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു. ‘തയ്യല്‍ ടീച്ചറുടെ കഷ്ണം ആര്‍ക്കെങ്കിലും കിട്ടിയെങ്കില്‍ തരുന്നവര്‍ക്ക് സമ്മാനമുണ്ട്’ എന്നാണു എഴുതിയത്. എന്നിട്ട് എന്തു നടപടി എടുത്തുവെന്നും മന്ത്രി ക്ഷുഭിതയായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: