
തിരുവനന്തപുരം: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയതായി പാര്‍ട്ടിക്കുള്ളില്‍ പരാതി. എരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കിയെന്നാണ് വിവരം. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്.
ആരോഗ്യമേഖലയിലെ ഒരാള്‍ക്ക് പി.എസ്.സി. അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണംവേണമെന്ന് റിയാസും പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം.

പി.എസ്.സി. അംഗങ്ങളെ സി.പി.എം. തീരുമാനിച്ചപ്പോള്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതോടെ, ആയുഷ് വകുപ്പില്‍ ഉയര്‍ന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നല്‍കിയയാളെ വിശ്വസിപ്പിച്ചുനിര്‍ത്തി. ഇതിലും തീരുമാനമുണ്ടാകാതിരുന്നതോടെയാണ് കോഴ ഇടപാടിന്റെ വിവരങ്ങള്‍ ചോര്‍ന്നതും പാര്‍ട്ടിക്ക് പരാതിയായി ലഭിക്കുന്നതും.
നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. ഇത്തരം തെളിവുകള്‍ നിലവിലുള്ളതിനാല്‍ പോലീസില്‍ പരാതിപോയാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. പി.എസ്.സി. അംഗത്വം പോലുള്ളകാര്യം ഒരു ഏരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിന് കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതിനാല്‍, ഒന്നുകില്‍ ഈ ഇടപാടിനുപിന്നില്‍ മറ്റു നേതാക്കളുടെ ആരുടെയെങ്കിലും സഹായം ഉണ്ടാകണം. അല്ലെങ്കില്‍, പണംതട്ടാന്‍വേണ്ടി മാത്രം കളവായ വാഗ്ദാനം നല്‍കിയതാകണം. ഏതാണുണ്ടായതെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ ബോധ്യപ്പെട്ടോയെന്ന കാര്യം വ്യക്തമല്ല.
പണം നല്‍കിയ വ്യക്തി സി.പി.എമ്മുമായി അടുപ്പമുള്ളയാളാണ്. അതിനാല്‍, ഒരു കളവായ വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കല്‍ എളുപ്പമാകില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
തിങ്കളാഴ്ച കോഴിക്കോട്ട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. നിര്‍ണായകനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.