CrimeNEWS

തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു; എട്ടു പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. അറസ്റ്റിലായവരില്‍ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ബിഎസ്പി നേതാവ് മായാവതി ഇന്ന് ചെന്നൈയിലെത്തും.

ഫുഡ് ഡെലിവറി ബോയ്‌സിന്റെ വേഷത്തിലാണ് ആംസ്‌ട്രോങ്ങിനെ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സംഘം ഇദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു. സ്ഥിരമായി തോക്കുകൊണ്ടുനടക്കുന്ന ആളായിരുന്നു ആംസ്‌ട്രോങ്. എന്നാല്‍ കഴിഞ്ഞ ദിവസം തോക്കെടുത്തിരുന്നില്ല. ഇതുമനസ്സിലാക്കിയാണു സംഘം ഇദ്ദേഹത്തെ ആക്രമിച്ചത്. ആംസ്ര്‌ടോങ്ങിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Signature-ad

ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ആംസ്‌ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്‌സിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

 

Back to top button
error: