LIFELife Style

കൊറിയക്കാരുടെ ഈ ശീലങ്ങള്‍ പിന്തുടരൂ… ആരോഗ്യം, ആമോദം ആജീവനാന്തം!

ലപ്പോഴും ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നത്. നല്ല രീതിയുള്ള ശീലങ്ങള്‍ പിന്തുടരുന്നത് ദീര്‍ഘകാലം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഉള്ള കാര്യങ്ങളില്‍ ശരിയായ രീതിയിലുള്ള മാറ്റങ്ങള്‍ വളരെ അനിവാര്യമാണ്. വ്യായാമം, ഉറക്കം, ഭക്ഷണം തുടങ്ങി നല്ല ശീലങ്ങള്‍ പിന്തുടരുന്നത് ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരാന്‍ സഹായിക്കും. പൊതുവെ കൊറിയക്കാരുടെ ജീവിത ശീലങ്ങള്‍ ആഗോള തലത്തില്‍ തന്നെ ഏറെ പ്രസിദ്ധമാണ്. ചര്‍മ്മ സംരക്ഷണം മുതല്‍ ഭക്ഷണശൈലി വരെയുള്ള കാര്യങ്ങളില്‍ കൊറിയക്കാരെ പിന്തുടരുന്നത് പലപ്പോഴും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാം.

നിരന്തരമായ വ്യായാമം
പതിവായുള്ള വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നടത്തം, ഹൈക്കിങ്ങ്, ജിം തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും വ്യായാമ രീതികള്‍ പിന്തുടരുന്നത് വളരെ നല്ലതാണ്. ദൈനംദിന ജീവിതത്തില്‍ ശരിയായ രീതിയിലുള്ളതും ആരോഗ്യത്തിന് ചേരുന്നതുമായ വ്യായാമം തിരഞ്ഞെടുക്കുക. രാവിലെയുള്ള നടത്തം, യോഗ, ജോഗിങ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ദിവസവും അര മണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാന്‍ ശ്രമിക്കുക.

Signature-ad

പുളിപ്പിച്ച ഭക്ഷണങ്ങള്‍
പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തില്‍ പ്രധാനിയാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍. കിംച്ചിയും യോഗര്‍ട്ടുമാണ് ഇവരുടെ പ്രധാന ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ. ധാരാളം പ്രോബയോട്ടിക്‌സ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇന്ത്യന്‍ ഭക്ഷണശൈലിയില്‍ പൊതുവെ പുളിപ്പിച്ച ഭക്ഷണങ്ങള്‍ അധികം ഉപയോഗിക്കാറില്ല. വീട്ടിലുണ്ടാക്കുന്ന തൈര്, അച്ചാര്‍, പരമ്പരാഗതമായ പുളിപ്പിച്ച പാനീയങ്ങള്‍ എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും.

സമീകൃതാഹാരം
പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിലെ പ്രധാനിയാണ് പച്ചക്കറികള്‍. വേവിക്കാത്തതും വേവിച്ചതുമായ പച്ചക്കറികളുടെ ഒരു കലവറ തന്നെ അവരുടെ തീന്‍മേശയിലുണ്ടാകാറുണ്ട്. രോഗ പ്രതിരോധ ശേഷി കൂട്ടാനും അതുപോലെ നല്ല ആരോഗ്യത്തിനും പുളിപ്പിച്ച ഭക്ഷണങ്ങളും പച്ചക്കറികളും പ്രോട്ടീനുകളും വളരെ പ്രധാനമാണ്. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ബാര്‍ലി ചായ
ബാര്‍ലിയുടെ ആരോഗ്യ ഗുണങ്ങള്‍ വളരെ പ്രശസ്തമാണ്. വറുത്ത ബാര്‍ലി ഉപയോഗിച്ച് തയാറാക്കുന്നതാണ് ബാര്‍ലി ചായ. പൊതുവെ ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ സ്ഥലങ്ങളില്‍ ആളുകള്‍ വളരെയധികമായി ഉപയോഗിക്കുന്നതാണ് ബാര്‍ലി ചായ. ചൂടോടെയും തണുപ്പോടെയും ഇത് കുടിക്കാവുന്നതാണ്. വയറിളക്കം, ക്ഷീണം, വീക്കം എന്നീ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഈ ചായ ഏറെ സഹായിക്കും. തിളപ്പിച്ച വെള്ളത്തില്‍ വറുത്ത ബാര്‍ലി ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. ബാര്‍ലിയില്‍ വൈറ്റമിന്‍ ബിയും ധാതുക്കളും, അയണ്‍, സിങ്ക്, മാംഗനീസ് എന്നിവയാല്‍ സമ്പുഷ്ടമാണിത്.

കൂട്ടായ്മയും സുഹൃത്തുക്കളും
കൊറിയക്കാരുടെ പ്രധാന ശീലങ്ങളിലൊന്നാണ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന രീതി. എന്നാല്‍ നമ്മുടെ നാട്ടില്‍ കുടുംബത്തിലെ ഓരോരുത്തരും ഓരോ സമയത്തായിരിക്കും ഭക്ഷണം കഴിക്കുന്നത്. അത് അത്ര നല്ല ശീലമല്ല. എല്ലാവരും ഒരുമിച്ച് സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരിയായി കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും അതുപോലെ നല്ലൊരു കൂട്ടായ്മ നിലനിര്‍ത്താനും ഇത് നല്ലതാണ്.

 

Back to top button
error: