തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കള്‍ നല്‍കുന്ന പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പല നേതാക്കള്‍ക്കും രോഷം. ആര്യയുണ്ടാക്കുന്ന വിവാദങ്ങളിലെല്ലാം സംരക്ഷിക്കാന്‍ രംഗത്തെത്തുന്നത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമാണെന്നാണ് ആരോപണം. രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ എ.എ.റഹീമാണ് ആര്യയെ പിന്തുണയ്ക്കുന്ന മറ്റൊരാള്‍. ജില്ലയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കള്‍ ആര്യയ്‌ക്കെതിരെ ശബ്ദിക്കാത്തത് റഹീമിനെ പേടിച്ചാണെന്നും ആര്യയെ എതിര്‍ക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ആര്യയ്‌ക്കെതിരെ ഉയര്‍ന്നത് പാര്‍ട്ടിയുടെ പൊതുവികാരമാണെന്നാണ് വിലയിരുത്തല്‍.
ആര്യയുടെ പേരില്‍ വ്യക്തിപരമായ അഴിമതികളൊന്നുമില്ലെന്നും പിന്നെ അവരെ എന്തിനു തിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ തലസ്ഥാനത്ത് കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി പിടികൂടുന്ന മേയറെ പ്രതിയാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ആര്യ രാജേന്ദ്രനു തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നഗരസഭാ ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി അടിയന്തര ഇടപെടല്‍ നടത്തിയത്. മേയറെ മാറ്റിയില്ലെങ്കില്‍ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മേയറെ മാറ്റുന്നത് എതിരാളികളുടെ കയ്യില്‍ വടി കൊടുക്കുന്നതിനു തുല്യമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായമുണ്ട്.
മേയര്‍ സ്ഥാനത്തുനിന്നു മാറ്റുന്നത് ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്ക അവരെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.ശിവന്‍കുട്ടിക്കു പകരം ആര്യയെ നേമത്തുനിന്നു മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെന്നാണു സൂചന. അതിനിടെ ആര്യയെ കുറ്റക്കാരിയാക്കി മേയര്‍ സ്ഥാനത്തുനിന്നു മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. നഗരസഭ ഭരണത്തിലെ വീഴ്ചകള്‍ പ്രത്യേകം പരിശോധിക്കാനാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം.