ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ പരമ്പര കൊലയാളി പിടിയിലായി. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് മെഹബൂബ്നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മേയില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെയാണ് ബാക്കി അഞ്ച് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
രണ്ടുവര്‍ഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷമാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ ക്രൂരതയ്ക്കിരയായ മറ്റൊരാള്‍ മല്ലേഷ് എന്ന കൂലിപ്പണിക്കാരനാണ്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
2022 ലാണ് കാസിമിന്റെ കൊലപാതകപരമ്പര ആരംഭിക്കുന്നത്. തെലങ്കാനയിലെ ഭൂത്പുര്‍, ഹന്‍വാഡ, വാണപര്‍ഥി, ബിജിനാപള്ളി, മെഹബൂബ് നഗര്‍ റൂറല്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒടുവില്‍ കഴിഞ്ഞ മെയ് 22-ന് മെഹ്ബൂബ് നഗറില്‍ സ്ത്രീയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുരുക്കിയത്.
മെയ് 22-ന് മെഹബൂബ് നഗറിലെ അമിസ്തപുര്‍ ഗ്രാമത്തിലെ പാലത്തിന് സമീപമാണ് സ്ത്രീയെ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റനിലയിലുമായിരുന്നു മൃതദേഹം. പോലീസ് നടത്തിയ പരിശോധനയില്‍ കഴുത്തറത്തശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കൊല്ലപ്പെട്ട സ്ത്രീ ക്രൂരമായ ബലാത്സംഗത്തിനിരയായെന്നും വ്യക്തമായി.
സംഭവത്തില്‍ സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തില്‍ സമീപത്തെ ഒരു മദ്യശാലയില്‍നിന്ന് കൊല്ലപ്പെട്ട സ്ത്രീയും മറ്റൊരാളും ഒരുമിച്ച് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ദൃശ്യങ്ങളിലുള്ളത് കാസിം ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. ഇതിനൊപ്പം നേരത്തെ നടത്തിയ അഞ്ച് കൊലപാതകങ്ങളും സമ്മതിച്ചു. അവസാനമായി കൊലപ്പെടുത്തിയ സ്ത്രീയെ മദ്യശാലയില്‍വെച്ച് പരിചയപ്പെട്ടതാണെന്നായിരുന്നു പ്രതിയുടെ മൊഴി. ആദ്യം യുവതിക്ക് മദ്യം വാങ്ങിനല്‍കി. തുടര്‍ന്ന് താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ രണ്ടായിരം രൂപ നല്‍കാമെന്ന് വാഗ്ദാനംചെയ്തു. ഇതനുസരിച്ച് യുവതിയും പ്രതിയും മദ്യശാലയില്‍നിന്ന് മടങ്ങുകയും ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നാലെ യുവതി കൂടുതല്‍ പണം ചോദിച്ചെന്നും ഇതിന് വിസമ്മതിച്ചതോടെ തര്‍ക്കമുണ്ടായെന്നുമാണ് പ്രതിയുടെ മൊഴി. തുടര്‍ന്ന് തുണി ഉപയോഗിച്ച് യുവതിയുടെ കഴുത്ത് ഞെരിച്ചു. പിന്നാലെ കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയും സമീപത്തുണ്ടായിരുന്ന കല്ല് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.