CrimeNEWS

നാട്ടുകാര്‍ക്ക്നേരെ വെല്ലുവിളി; സംഘര്‍ഷത്തില്‍ നാലംഗ സംഘത്തിന് ഗുരുതര പരിക്ക്

മലപ്പുറം: കാളികാവില്‍ വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘം നാട്ടുകാരുമായി ഏറ്റുമുട്ടി. സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ നാലുപേര്‍ക്കും പരിക്കുണ്ട്.

പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈര്‍, മുതുകുളവന്‍ ഫായിസ് (പാണ്ഡ്യന്‍), മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഉമൈറിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടത്തിന് സമീപം വാളക്കുളത്താണ് സംഭവം.

Signature-ad

പന്നിക്കോട്ടുമുണ്ടയിലെ കടയില്‍നിന്ന് പണംതട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ആദ്യമുണ്ടായത്. ഇതുകഴിഞ്ഞ് പിരിഞ്ഞുപോയ സംഘം മടങ്ങിയെത്തി ആളുകളെ ഭീഷണിപ്പെടുത്തുകയും പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു. ബുധനാഴ്ച രാത്രി നാട്ടുകാര്‍ സംഘടിച്ച് പ്രതികരിച്ചു. അത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘട്ടനത്തില്‍ ഷാഫി, ഉമൈര്‍, ഫായിസ്, ജിഷാന്‍ എന്നിവര്‍ പരിക്കേറ്റു കിടന്നപ്പോള്‍ പോലീസെത്തി നാല് ആംബുലന്‍സ് ഏര്‍പ്പെടുത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്.

വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് പോന്ന് പന്നിക്കോട്ടുമുണ്ടയിലെത്തിയ ഉമൈര്‍ നാട്ടുകാരെ വീണ്ടും വെല്ലുവിളിച്ചു. ഭീഷണിപ്പെടുത്തുകയുംചെയ്തു. വീണ്ടും സംഘട്ടനമുണ്ടായി. ഉമൈറിന് ഗുരുതരമായി പരിക്കുപറ്റി. പോലീസെത്തി ബന്ധുക്കളെ അറിയിച്ചാണ് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.

പോക്സോ, ബലാത്സംഗം, സ്ത്രീപീഡനം, ലഹരി ഉപയോഗം തുടങ്ങിയ കേസുകളിലെ പ്രതിയായ ഫായിസിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തിയിരുന്നു. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും എതിര്‍ക്കുന്ന പൊതുപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തല്‍, മോഷണം, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി അടിച്ചുതകര്‍ക്കല്‍ എന്നിങ്ങനെ 12 കേസുകള്‍ ഉമൈറിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഷാഫിയുടെ പേരിലും ലഹരി ഉപയോഗം, വില്പന തുടങ്ങി നാലു കേസുകളുണ്ട്. ജിഷാലിന്റെ പേരില്‍ ലഹരി ഉപയോഗത്തിനാണ് കേസുള്ളതെന്ന് പോലീസ് അറിയിച്ചു. കാളികാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Back to top button
error: