ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കിയില്ലെന്ന കാരണത്താല്‍ മരുമകളെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹൈദരാബാദില്‍ വ്യാഴാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 28 കാരിയായ അജ്മീര ബീഗം ആണ് മരിച്ചത്. പ്രതി ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ചായ ഉണ്ടാക്കാന്‍ മരുമകളോട് ഫര്‍സാന ആവശ്യപ്പെട്ടപ്പോള്‍ അജ്മീര ബീഗം അത് നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമില്ലെന്നും വേറെ ജോലിയുണ്ടെന്നും അജ്മീര പറഞ്ഞു. ചായ ചോദിച്ച് കുറച്ചുനേരം കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഫര്‍സാന അടുക്കളയിലെത്തി അജ്മീറയെ താഴെ തള്ളിയിട്ട ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഫര്‍സാന സ്ഥലംവിട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ അജ്മീറയുടെ ഭര്‍ത്താവ് അബ്ബാസും രണ്ട് കുട്ടികളും ഭാര്യാപിതാവും വീട്ടിലില്ലായിരുന്നു. 2015ലായിരുന്നു അജ്മീറയുടെയും അബ്ബാസിന്റെയും വിവാഹം.
കഴിഞ്ഞ 15 ദിവസമായി അമ്മായിയമ്മയും മരുമകളും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.