കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശത്തിന്റ പശ്ചാത്തലത്തില്‍ നവോത്ഥാന സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. വെള്ളാപ്പള്ളി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയാണെന്നും സംഘടന ആരോപിച്ചു.
വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമായ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ മുജാഹിദ് നേതാവായ ഹുസ്സൈന്‍ മടവൂര്‍ കേരള നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതിനാല്‍ നവോത്ഥാന സമിതിയുമായി സഹകരിക്കില്ലെന്നാണ് ഉലമയുടെ തീരുമാനം.
ഇന്നലെ പത്തനംതിട്ടയില്‍ ചേര്‍ന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ യോഗത്തിലാണ് സുപ്രധാന തീരുമാനം. വസ്തുതാവിരുദ്ധവും ജനങ്ങള്‍ക്കിടയില്‍ ഭിന്നത പടര്‍ത്തുന്നതുമായ പ്രസ്താവനകള്‍ വെള്ളാപ്പള്ളി നടേശന്‍ നിരന്തരം നടത്തുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് എന്ന് സംഘടന കുറ്റപ്പെടുത്തി.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയിലെ മൂന്ന് അംഗങ്ങളാണ് നവോത്ഥാന സമിതിയിലുള്ളത്. ജനറല്‍ സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കെപി മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരാണ് നവോത്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്നത്.