KeralaNEWS

പ്ലസ്‌വണ്‍ വിവാദത്തില്‍ എസ്.എഫ്.ഐയെ ട്രോളി മന്ത്രി; അതേനാണയത്തില്‍ തിരിച്ചടിച്ച് എസ്.എഫ്.എ.

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് ഇറങ്ങിയ എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെയെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ സംഘടനകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശത്തെ താന്‍ നിഷേധിക്കുന്നില്ല. കുറേ നാളായി സമരം ചെയ്യാതെ ഇരുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Signature-ad

സര്‍ക്കാരിന്റെ മനസ്സ് സമരക്കാര്‍ മനസ്സിലാക്കണം. ഒരു കുട്ടിക്കും പ്രവേശനത്തിന് പ്രയാസം ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. അവര്‍ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് അറിയില്ല. അവരുടേത് തെറ്റിധാരണയാകാം. നാളെ വിദ്യാര്‍ഥി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ എല്ലാം മനസിലാക്കും. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നിലവില്‍ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ലാക്കും തെറ്റിധാരണയുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി എസ്.എഫ്.എ രംഗത്തെത്തി. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്.എഫ്.ഐയെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.അഫ്സല്‍. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അന്നത്തെ സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും അഫ്‌സല്‍ വ്യക്തമാക്കി.

മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാണ് എസ്.എഫ്.ഐ.യുടെ ആവശ്യം. തിങ്കളാഴ്ച രാവിലെ മലപ്പുറം കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. മലപ്പുറത്ത് മേഖലാ ഹയര്‍ സെക്കന്‍ഡറി ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ്, കെ.എസ്.യു. പ്രവര്‍ത്തകരും ഉപരോധിച്ചു.

 

Back to top button
error: