തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി). അസിസ്റ്റന്‍ഡ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള ഒഴിവുകള്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. നേരത്തേ 5,696 ഒഴിവുകളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 18,799 ആയി ഉയര്‍ന്നു.
എല്ലാ റെയില്‍വേ സോണുകളിലും ഒഴിവുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ ഒഴിവുകളുടെ വിവരങ്ങള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
ഈ വര്‍ഷം ആദ്യം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചത് 5,696 ഒഴിവുകളായിരുന്നു. എന്നാല്‍, പല റെയില്‍വേ സോണുകളില്‍ നിന്നും അധിക ജീവനക്കാരെ ആവശ്യമാണെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഴിവുകള്‍ 18,799 ആയി വര്‍ദ്ധിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനാല്‍, ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ മുന്‍ഗണനാ സോണുകളിലും മാറ്റം വരുത്താവുന്നതാണ്. മറ്റ് വിശദാംശങ്ങള്‍ ആര്‍ആര്‍ബിയുടെ വെബ്സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്.
16 സോണുകളിലും റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ച ഈ ഒഴിവുകള്‍ ബാധകമാകും. സെന്‍ട്രല്‍ റെയില്‍വേയില്‍ നേരത്തേ 535 ഒഴിവുകളായിരുന്നു. ഇപ്പോഴത് 1786 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഈസ്റ്റേണ്‍ റെയില്‍വേയില്‍ 415ല്‍ നിന്നും 1382 ആയി ഉയര്‍ന്നു. നോര്‍ത്തേണ്‍ റെയില്‍വേയില്‍ 150ല്‍ നിന്ന് 499 ആയി. സതേണ്‍ റെയില്‍വേയില്‍ 218ല്‍ നിന്ന് 726 ആയും ഒഴിവുകള്‍ വര്‍ദ്ധിച്ചു.
അസിസ്റ്റന്‍ഡ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റ് പരീക്ഷ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ നടത്താനാണ് സാദ്ധ്യത. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, സിബിടി -2, കമ്പ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ, ഡോക്യുമെന്‍ഡ് വെരിഫിക്കേഷന്‍ എന്നീ നാല് ഘട്ടങ്ങളിലൂടെയാണ് നിയമനം. സിബിടി -1, 2 എന്നിവയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കും. എന്നാല്‍, അഭിരുചി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.rrbchennai.gov.in/ സന്ദര്‍ശിക്കുക.