”വസ്ത്രം മാറുമ്പോള്‍ മരത്തിലുള്ളവരെ കല്ലെറിഞ്ഞ് താഴെയിടണം; ബാത്ത്‌റൂമില്‍ പോയാല്‍ വീട്ടുകാരോട് വിശേഷം മുഴുവന്‍ പറയണം”
പി.ആര്‍. വര്‍ക്കേഴ്സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നവര്‍ മലയാള സിനിമയിലുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആരെയാണ് മംമ്ത ഉദ്ദേശിച്ചതെന്ന് ഒളിഞ്ഞും തെളിഞ്ഞും അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍, മലയാളത്തില്‍ ഒരേ ഒരു ലേഡി സൂപ്പര്‍ സ്റ്റാറെയുള്ളൂവെന്ന്് മലയാളികള്‍ ഒരേ സ്വരത്തില്‍ പറയും. ഉര്‍വശി.
എണ്‍പതുകളില്‍ നിരവധി നായിക നടിമാരെ സിനിമാ മലയാള സിനിമാ ലോകത്തിന് ലഭിച്ചിട്ടുണ്ട്. ശോഭന, രേവതി, സുഹാസിനി, ഉര്‍വശി, അമല തുടങ്ങിയ നടിമാര്‍ മികച്ച സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. എന്നാല്‍ ഇവരില്‍ ഇന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിക്കുന്നത് ഉര്‍വശിക്കാണ്. ഒരിക്കല്‍ പോലും ഉര്‍വശിയെ പഴയ കാല നടിയെന്ന് പ്രേക്ഷകര്‍ വിളിച്ചിട്ടില്ല. മാറുന്ന സിനിമാ ലോകത്തിനൊപ്പം എന്നും ഉര്‍വശിയുണ്ടായിട്ടുണ്ട്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കാനുള്ള ഉര്‍വശിയുടെ കഴിവ് ഏവരും എടുത്ത് പറയാറുണ്ട്. പുരസ്‌കാരങ്ങളുടെ ഒരു നിര തന്നെ ഉര്‍വശിയെ തേടിയെത്തി. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങി ഉര്‍വശി നായികായായെത്തിയ സിനിമകള്‍ക്ക് പ്രേക്ഷക മനസില്‍ പ്രത്യേക സ്ഥാനമുണ്ട്. ഉളെളാഴുക്കാണ് നടിയുടെ പുതിയ സിനിമ. പാര്‍വതി തിരുവോത്തിനൊപ്പമാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ഉര്‍വശി എന്ന നടിയുടെ അത്യഗ്രന്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്ന് പ്രേക്ഷകര്‍ പറയുന്നു. ഉള്ളൊഴുക്കിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കവെ ക്യൂ സ്റ്റുഡിയോയോട് ഉര്‍വശി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വെള്ളത്തില്‍ നിന്നുള്ള അഭിമനയം ബുദ്ധിമുട്ടായ സാഹചര്യത്തില്‍ താന്‍ കടന്ന് വന്ന അനുഭവങ്ങള്‍ ആലോചിക്കുമായിരുന്നെന്നും ഉര്‍വശി പറയുന്നു. വസ്ത്രം മാറാന്‍ നല്ലൊരു മറ പോലും ഇല്ലായിരുന്നു. കൂടെയുള്ള കോസ്റ്റ്യൂം അസിസ്റ്റന്റ്‌സും എന്റെ പേഴ്‌സണല്‍ സ്റ്റാഫുമെല്ലാം ലുങ്കി നാല് ഭാഗത്തും മറച്ച് അതിനകത്ത് നിന്നാണ് മാറ്റുക.
മുകളിലത്തെ മരമാെക്കെ നോക്കണം. ആരേലും മരത്തില്‍ കയറി ഇരിക്കുന്നുണ്ടോയെന്ന്. അത് നോക്കാന്‍ കുറേപ്പേര്‍ നില്‍ക്കും. അവരെ കല്ലെറിഞ്ഞ് താഴെയിടണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി വരുമെന്നും ഉര്‍വശി പറയുന്നു. ഇന്നത്തെ കുട്ടികള്‍ കാരവാനില്ല, ബാത്ത്‌റൂമില്ല എന്ന് പറയുമ്പോള്‍ ഒരു പ്രാവശ്യം പോലും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ആലോചിക്കും.
പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞാല്‍ ആ വീട്ടിലെങ്ങാനും പോയാല്‍ മതിയെന്ന് പറയും. കൂടെയുള്ളവരോട് പറഞ്ഞാല്‍ അവര്‍ അടുത്തുള്ള വീട്ടില്‍ ഏര്‍പ്പാടാക്കും. ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിച്ചാല്‍ ആ വീട്ടുകാരെ മുഴുവന്‍ തൃപ്തിപ്പെടുത്തിയേ ഇറങ്ങാന്‍ പറ്റൂ. വിശേഷം മുഴുവന്‍ പറയണം. മൊബൈല്‍ ഫോണ്‍ വന്നിട്ടില്ലാത്തത് കൊണ്ട് ഫോട്ടോ എടുപ്പില്ലായിരുന്നെന്നും ഉര്‍വശി വ്യക്തമാക്കി.
ജെ ബേബി എന്ന സിനിമയിലെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചതിന് പിന്നാലെയാണ് ഉള്ളൊഴുക്കിലും നടി കൈയടി നേടുന്നത്. ലീലാമ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിച്ചത്. പൊതുവേ കോമഡി ചെയ്യാനാണ് നടി താല്‍പര്യപ്പെടാറെങ്കിലും ജെ ബേബി, ഉള്ളൊഴുക്ക് എന്നീ സിനിമകളില്‍ വൈകാരികമായി മറ്റൊരു തലത്തിലുള്ള കഥാപാത്രങ്ങളെയാണ് ഉര്‍വശി അവതരിപ്പിച്ചത്. നടിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴിലും മലയാളത്തിലുമായി നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മിയും അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.