ബംഗളൂരു: കോളാര്‍ സ്വര്‍ണഖനിയില്‍ (കെജിഎഫ്) വീണ്ടും സ്വര്‍ണ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളില്‍നിന്ന് ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണില്‍നിന്നു വീണ്ടും സ്വര്‍ണം വേര്‍തിരിക്കാനാണു പദ്ധതി.
1,003.4 ഏക്കര്‍ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വര്‍ണം വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതെന്നു പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. ഈ ഖനികളില്‍ 3.3 കോടി ടണ്‍ മണ്ണാണുള്ളത്. സയനൈഡ് ചേര്‍ത്ത് സ്വര്‍ണം വേര്‍തിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടണ്‍ മണ്ണില്‍നിന്ന് ഒരു ഗ്രാം സ്വര്‍ണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോള്‍ഡ് മൈന്‍സ് കമ്പനി സര്‍ക്കാരിനു നല്‍കാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാര്‍ക്ക് തുടങ്ങാനും കര്‍ണാടക സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്.