പത്തനംതിട്ട: വിദ്യാര്‍ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് വിദ്യാര്‍ഥിനിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു.
മകള്‍ പറഞ്ഞതിന്‍ പ്രകാരം കാര്യമന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാര്‍ഥിനിയുടെ അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാര്‍ഥിനിയുടെ അമ്മ അടിച്ചു തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ രാധാകൃഷ്ണപിള്ള (59) യ്‌ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.
നെല്ലിമുകള്‍ ജംക്ഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് ബസില്‍ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയോടാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ നിന്ന പ്രതിയോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ ഇവരെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.