CrimeNEWS

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം; കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.കെ രമ

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി കത്തുനല്‍കി. കേസില്‍ ശിക്ഷിക്കപ്പെട്ടവരും കൊടുംക്രിമിനലുകളുമായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ക്ക് ഇളവുനല്‍കാനാണ് ശ്രമം. കോടതിവിധി മറികടന്നാണ് സര്‍ക്കാരിന്റെ നടപടി.

മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം തള്ളി.

Signature-ad

പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാന്‍ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയില്‍ വളരെ വ്യക്തമായിട്ടുണ്ട്. പ്രതികളുടെ ശിക്ഷ കോടതി ഇരട്ടിയായി വര്‍ധിപ്പിക്കുകയും ഇരട്ട ജീവപര്യന്തം ആക്കുകയും ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്. ഇവരുടെ പേര് ശിക്ഷായിളവ് നല്‍കുന്നവരുടെ ലിസ്റ്റില്‍പോലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ശക്തമായ കോടതി വിധി ഉണ്ടായിട്ടുപോലും ഇതാണ് സര്‍ക്കാറിന്റെ നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം. കോടതിയേയും ഗവര്‍ണറെയും സമീപിക്കും’, കെ.കെ രമ വ്യക്തമാക്കി.

Back to top button
error: