തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍നിന്നും കെ.മുരളീധരന്‍ വിട്ടുനില്‍ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് വ്യാഴാഴ്ച ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കില്ല.
കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരന്‍ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം എന്നാണ് അറിയുന്നത്.
തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ, പൊതുരംഗത്തുനിന്ന് തല്‍കാലം വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുരളിയെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിയെങ്കിലും അനുനയത്തിന് മുരളീധരന്‍ തയ്യാറായിരുന്നില്ല.
അതേസമയം, തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന വിശാലമായ നേതൃയോഗമായതിനാല്‍ നേതാക്കള്‍ തമ്മിലുള്ള അതൃപ്തി പരസ്യമാകുന്ന വേദികൂടിയാകും ഇത്. തൃശ്ശൂരിലേയും ആലത്തൂരെയും തോല്‍വി സംബന്ധിച്ച വിമര്‍ശനങ്ങളും യോഗങ്ങളില്‍ ഉയരും.