തിരുവനന്തപുരം: മരിച്ചയാളുടെ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുസംഘത്തിനു സഹായം ചെയ്‌തെന്നു കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയില്‍ സഫറുള്ള ഖാന്‍ (54), ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ ബദറുദ്ദിന്‍ (65) എന്നിവരെ വെള്ളിയാഴ്ചയും വര്‍ക്കല കണ്ണമ്പ ചാലുവിള നാദത്തില്‍ സുനില്‍കുമാര്‍ (60), വട്ടപ്പാറ മരുതൂര്‍ ആനിവില്ലയില്‍ എഡ്വെര്‍ഡ് (62) എന്നിവരെ ശനിയാഴ്ചയും പോലീസ് അറസ്റ്റു ചെയ്തു.
പാസ്പോര്‍ട്ട് വേണ്ടവരില്‍നിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കും. പരിശോധനാ നടപടികള്‍ക്കായി സ്റ്റേഷനില്‍ നല്‍കുമ്പോള്‍ ആന്‍സിലിന്റെ സഹായത്തോടെ പാസാക്കി പാസ്പോര്‍ട്ട് ഓഫീസിലേക്ക് നല്‍കും. അന്‍സില്‍ അല്ലാതെ മറ്റാരെങ്കിലുമാണെങ്കില്‍ സ്വാധീനിച്ച് കടലാസുകള്‍ ശരിയാക്കും.
പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മേല്‍വിലാസങ്ങളില്‍ സംശയം തോന്നിയപ്പോള്‍ വീണ്ടും പരിശോധിക്കാനായി തുമ്പ എസ്.എച്ച്.ഒയ്ക്കു നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ. അന്‍സില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കാന്‍ കൂട്ടുനിന്നതായി കണ്ടെത്തിയത്. പതിനേഴുവര്‍ഷം മുന്‍പ് മരിച്ച ആളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നിര്‍മിക്കാന്‍ വ്യാജ രേഖകള്‍ നല്‍കിയതായും കണ്ടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പത്തിലധികം കേസുകള്‍ ഉണ്ടായതായാണ് വിവരം.