കൊച്ചി: തീപിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുടങ്ങിയവ എത്രയും വേഗം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്. പേപ്പര്‍ വര്‍ക്കുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുവൈത്ത് അമീറും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തെ അതീവ ഗൗരവത്തോടെയാണ് കുവൈത്ത് സര്‍ക്കാരും കാണുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നറിയാന്‍ കുവൈത്ത് സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്. ഇനി ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ പ്രധാനമന്ത്രി അടിയന്തര യോഗം വിളിക്കുകയും കുവൈത്ത് സര്‍ക്കാരിനെ ബന്ധപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കുവൈത്ത് അമീറിനെയും പ്രധാനമന്ത്രി വിളിച്ചിരുന്നു.
കുവൈത്ത് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. മരിച്ചവരെ തിരിച്ചറിയാനും പരിശോധനകളും കുറഞ്ഞ സമയത്തിനകം നടത്തി മൃതദേഹം വിട്ടുനല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ എല്ലാ സഹായവുമായി ഒപ്പം നിന്നു. അഞ്ചു ആശുപത്രികളില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. 25 ഓളം ഇന്ത്യാക്കാരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സയാണ് നല്‍കി വരുന്നത്. ഇവര്‍ അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞു.