കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് 2 വർഷം മാത്രം ബാക്കിയുള്ളപ്പോൾ എല്ലായിടത്തും പോയി മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരരൻ. താൻ ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് ടി.എൻ പ്രതാപൻ പറഞ്ഞിരുന്നില്ലെന്നും മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
താൻ തന്നെയാണ് തെറ്റ് ചെയ്തത്. ഉറപ്പായും ജയിക്കാവുന്ന സിറ്റിങ് സീറ്റിൽ നിന്നും മാറി മത്സരിച്ചു. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നു. ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. നടന്ന കാര്യങ്ങളൊക്കെ കെ.പി.സി.സി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരിച്ചു. ആർക്കെതിരേയും നടപടിയും ആവശ്യപ്പെട്ടിട്ടില്ല. ഒരു തിരഞ്ഞെടുപ്പോട് കൂടി ലോകം അവസാനിക്കുന്നില്ലല്ലോ.
തൃശ്ശൂരിൽ സുരേഷ് ഗോപിയും ബി.ജെ.പിയും കഴിഞ്ഞ 5 വർഷം നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി. തൃശ്ശൂർ മാത്രമാണ് ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടായിട്ടുള്ളത്. ഇത് നഷ്ടപ്പെടാൻ കാരണമായത് സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങളാണ്. ടി.എൻ പ്രതാപനും അത് മനസ്സിലാക്കിയിട്ടില്ലെന്നാണ് വിചാരിക്കുന്നത്. തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പത്മജ മാറിയ സാഹചര്യത്തിൽ താൻ വന്നാൽ കൂറേക്കൂടെ ഫലപ്രദമാകുമെന്നാണ് പ്രതാപൻ പറഞ്ഞത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. അടുത്ത ഒരു വർഷം പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ടാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് 2 കൊല്ലം ബാക്കിയുള്ളപ്പോൾ എന്തിനാണ് എല്ലായിടത്തും പോയി മത്സരിക്കുന്നത്. വയനാട് രാഹുൽ ഒഴിയുകയാണെങ്കിൽ പ്രിയങ്ക വരണമെന്നാണ് വയനാട്ടുകാരും കേരളത്തിലെ കോൺഗ്രസുകാരും ആഗ്രഹിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.